കൊവിഡില്‍ കുരുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഖത്തറും
ദോഹ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം മൂലം ഖത്തറിലേക്കു മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നാട്ടിലുള്ള ഖത്തര്‍ പ്രവാസികളുടെ ഐ.ഡി കാലാവധി തീര്‍ന്നാലും യാത്രാ വിലക്ക് നീങ്ങുന്ന മുറക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഖത്തറിനു പുറത്ത് ആറുമാസത്തിലധികം താമസിക്കേണ്ടി വരുന്ന പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പായി അവധിക്കായി നാട്ടില്‍ പോയവര്‍ക്കും ഐഡി കാലാവധി തീര്‍ന്ന് ആശങ്കയിലായവര്‍ക്കും തീരുമാനം വലിയ ആശ്വാസമാകും. പ്രവാസി നേതാക്കളുമായി തൊഴില്‍ മന്ത്രാലയം അധികൃതര്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തരി നിയമപ്രകാരം റസിഡന്‍സി പെര്‍മിറ്റ് ഉള്ള പ്രവാസികള്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ ഖത്തറിന് പുറത്ത് കഴിയാന്‍ സാധിക്കില്ല. കാലാവധി കഴിഞ്ഞ ഐഡിയുമായി പ്രവാസികള്‍ക്ക് രാജ്യത്തേക്കു പ്രവേശിക്കാനും അനുമതിയില്ല.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നൂറ് കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായിരുന്നു. ഇവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഖത്തര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, വിവാഹ കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയവ അടച്ചിടാന്‍ ഉത്തരവുണ്ട്. മാളുകളിലും ഹോട്ടലുകളിലുമുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.
ഇതിന് പുറമെ ആളുകള്‍ ഒത്തുകൂടുന്ന എല്ലാ ചടങ്ങുകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.ഇതോടൊപ്പം രാജ്യത്തെ മുഴുവന്‍ തൊഴിലാളി താമസ കേന്ദ്രങ്ങളിലും തൊഴില്‍ വികസന കാര്യ മന്ത്രാലയം പരിശോധന നടത്തും. രോഗം തടയുന്നതിനാവശ്യമായ ശുചീകരണ പ്രവര്‍ത്തങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."