രവി പൂജാരിയെ വിട്ടുതരാമെന്ന് ഇന്ത്യയോട് സെനഗല്‍
ന്യൂഡല്‍ഹി: മുംബൈ അധോലോക കുറ്റവാളിയെ വിട്ടുതരാന്‍ തയ്യാറെന്ന് സെനഗല്‍. സെനഗലില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. പതിനഞ്ചു വര്‍ഷമായി പൊലിസ് ഇയാളെ തേടുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ പുജാരിക്കെതിരെ ബംഗളൂരു പൊലിസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ മാസം പത്തൊമ്പതിനാണ് സെനഗലില്‍ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇയാളെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുന്നതിനിടെ പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് സെനഗല്‍ പൊലിസിന്റെ സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. കുടുംബത്തോടൊപ്പം ഇയാള്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൂജാരിയെ വിട്ട് കിട്ടാന്‍ മുംബൈ, ഗുജാറാത്ത് പൊലിസും ശ്രമം നടത്തുന്നുണ്ട്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും പൂജാരിക്ക് എതിരെ മുംബൈ പൊലിസില്‍ പരാതികള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."