പ്രളയത്തട്ടിപ്പ് സി.പി.എം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍
സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളം കലക്ടറേറ്റ് കേന്ദ്രീകരിച്ചു നടന്ന പ്രളയ പുനരധിവാസ ഫണ്ട് തട്ടിപ്പില്‍ സി.പി.എം ഗൂഢാലോചനയുണ്ടെന്നും ജുഡിഷ്യല്‍ കമ്മിഷനോ സി.ബി.ഐയോ ഇക്കാര്യം അന്വേഷിക്കണമെന്നും ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍, എം.എല്‍.എമാരായ പി.ടി തോമസ്, വി.ഡി സതീശന്‍, ടി.ജെ വിനോദ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യമുന്നയിച്ചത്. ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഒന്നേകാല്‍ ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിനു സാധിക്കുകയില്ല. ഭരണനേതൃത്വത്തിനെതിരേയുള്ള കേസായതിനാല്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയിലും സംശയമുണ്ട്. ആരോപണവിധേയമായ സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതി പിരിച്ചുവിടണമെന്നും മറ്റു ജില്ലകളിലും ഇത്തരം തട്ടിപ്പ് നടന്നോ എന്ന് സംശയിക്കുന്നതായും അവിടെയും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. 335 ഫെയില്‍ഡ് അക്കൗണ്ടുകളിലേക്കാണ് എട്ടരക്കോടി രൂപ കലക്ടറേറ്റില്‍ നിന്ന് പോയത്. അതില്‍ തിരികെ എത്രവന്നു എന്നതിനു കണക്കില്ല. കലക്ടറേറ്റില്‍ ഈ തിരിമറിക്കു കൂട്ടുനിന്ന എല്ലാവരെയും പ്രതിചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രളയദുരിതാശ്വാസം അര്‍ഹരായവര്‍ക്കു ലഭിച്ചു എന്നതിന് സര്‍ക്കാരിന്റെയോ ജില്ലാ കലക്ടറുടെയോ പക്കല്‍ വ്യക്തമായ തെളിവില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസക്കണക്കിനെപ്പറ്റി ഓഡിറ്റിങ് വേണം. സോഷ്യല്‍ ഓഡിറ്റിങ്ങും വേണം. നടപടിക്കു വിധേയനായ കലക്ടറേറ്റിലെ ക്ലര്‍ക്കിനെപ്പറ്റി മൂന്നു മാസം മുന്‍പ് കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ നടപടി സ്വീകരിച്ചപ്പോള്‍ സി.പി.എം നേതൃത്വം പുറത്തുനിന്ന് നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്ന് അതു സാധ്യമായില്ല. വലിയ മഞ്ഞുമലയുടെ ചെറിയ അംശം മാത്രമാണ് ഈ വെട്ടിപ്പു കണ്ടെത്തിയതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിനെതിരേ ഏപ്രില്‍ ആദ്യവാരം എറണാകുളം കലക്ടറേറ്റ് വളയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ടി.ജെ വിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."