സ്പീക്കറുടെ പണി ഗവര്‍ണര്‍ ചെയ്യരുതെന്ന് കമല്‍ നാഥ്; മധ്യപ്രദേശ് വോട്ടെടുപ്പ് നടന്നില്ല; നിയമസഭ 26 വരെ പിരിഞ്ഞു
ഭോപാല്‍: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ നിയമസഭ സമ്മേളനം മാര്‍ച്ച് 26 വരെ പിരിഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിര്‍ത്തിവെച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി പ്രഖ്യാപിക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസം കൂടി ലഭിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്.
രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൊവിഡ് നിരക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു. ബംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഭാസമ്മേളനം മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശചെയ്തിരുന്നു.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. രാവിലെ ഗവര്‍ണറുടെ പ്രസംഗം കഴിഞ്ഞാലുടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. വിശ്വാസ വോട്ടെടുപ്പ് സഭാ അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത സപീക്കര്‍ എന്‍.പി. പ്രജാപതി സഭയില്‍ കാര്യങ്ങള്‍ അറിയിക്കാമെന്നാണ് പറഞ്ഞത്.
ഗവര്‍ണറുടെ കത്തിന് ഇന്ന് രാവിലെ കമല്‍നാഥ് മറുപടി നല്‍കുകയും ചെയ്തു. സ്പീക്കറുടെ അവകാശത്തില്‍ ഗവര്‍ണര്‍ കൈക്കടത്തരുത്. തങ്ങളുടെ എംഎല്‍എമാരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് കമല്‍നാഥ് ആവര്‍ത്തിച്ചു. ഒരു സമ്മര്‍ദ്ദവുമില്ലാതെ എല്ലാ എംഎല്‍എമാരും സ്വതന്ത്രരായാല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂവെന്നും കമല്‍നാഥ് കത്തിലൂടെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."