ആവശ്യത്തിൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെക്കുന്നതിനെതിരെ കുവൈത്ത് സർക്കാർ; വിലക്കയറ്റത്തിനെതിരെ കർശന നടപടി
കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിതരണം സുസ്ഥിരമാണെന്നും യാതൊരുവിധ ക്ഷാമവുമില്ലെന്നും കുവൈത്ത് അധികൃതർ. ഉപഭോക്ത്യ സഹകരണ സംഘങ്ങളുടെ യൂണിയൻ മേധാവി മറിയം അൽ അവാദ്, സാമൂഹിക കാര്യ മന്ത്രാലയത്തിലെ ബജറ്റ് വിഭാഗം മേധാവി ഡോ. ബദർ അൽ-എനെസി എന്നിവരാണ് പൗരന്മാർക്കും പ്രവാസികൾക്കും ഉറപ്പുമായി രംഗത്തെത്തിയത്. സഹകരണ സംഘങ്ങളിലും വിതരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ ശേഖരിച്ചുവെക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.
ഉപഭോക്താക്കൾ തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങണമെന്നും അമിതമായ സംഭരണം ഒഴിവാക്കണമെന്നും മറിയം അൽ അവാദ് നിർദ്ദേശിച്ചു. പല ഭക്ഷ്യവസ്തുക്കൾക്കും നിശ്ചിത കാലഹരണ തീയതി ഉള്ളതിനാൽ, അനാവശ്യമായി വലിയ അളവിൽ ശേഖരിക്കുന്നത് സാധനങ്ങൾ കേടാകാൻ ഇടയാക്കും.
തുടക്കത്തിൽ വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും ഇപ്പോൾ സഹകരണ സ്ഥാപനങ്ങളിലെ തിരക്ക് കുറഞ്ഞതായും പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായും അവർ വ്യക്തമാക്കി.
വിലക്കയറ്റത്തിനെതിരെ കർശന നിരീക്ഷണം
വിപണിയിലെ വിലനിലവാരം വാണിജ്യ-വ്യവസായ മന്ത്രാലയവും യൂണിയനും ചേർന്ന് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. കൃത്രിമമായി വില വർദ്ധിപ്പിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ ഉടനടി നിയമനടപടി സ്വീകരിക്കും. ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഇൻസ്പെക്ടർമാർ കൈക്കൊള്ളും. ചില സഹകരണ സംഘങ്ങൾ തമ്മിലുള്ള ചെറിയ വില വ്യത്യാസങ്ങൾ പ്രൊമോഷണൽ ഡിസ്കൗണ്ടുകളുടെ ഭാഗമാണെന്നും ഇത് സാധാരണമാണെന്നും അധികൃതർ വിശദീകരിച്ചു.
ഏതെങ്കിലും പ്രത്യേക ഉൽപ്പന്നത്തിന് ക്ഷാമം നേരിട്ടാൽ പകരം ബദൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കമ്പനികളുമായി ഏകോപനം നടത്തുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യകതയിൽ പെട്ടെന്ന് വർദ്ധനവുണ്ടായപ്പോൾ വെയർഹൗസുകൾ തുറന്ന് വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അടിയന്തര പദ്ധതികൾ നിലവിലുണ്ടെന്നും പൗരന്മാർക്ക് ആശങ്ക വേണ്ടെന്നും ഡോ. ബദർ അൽ-എനെസി കൂട്ടിച്ചേർത്തു.
രാജ്യത്തെ നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തമുള്ള ഉപഭോക്താക്കളായി പെരുമാറണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
the kuwait government has warned traders and residents against hoarding essential food items, stating that strict action will be taken against those who manipulate prices or create artificial shortages in the market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."