ആണവ മിസൈല്‍ കരാര്‍ റഷ്യയും പിന്മാറി
മോസ്‌കോ: അമേരിക്കയുടെ പിന്മാറ്റത്തിനു പിറകെ ശീതയുദ്ധക്കാലത്ത് രൂപംകൊണ്ട ആണവ കരാര്‍ റഷ്യയും ഉപേക്ഷിച്ചു. മധ്യദൂര, ഹ്രസ്വദൂര ആണവ മിസൈലുകള്‍ നിര്‍മിക്കുന്നത് തടയുന്ന മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള, ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐ.എന്‍.എഫ്) കരാറില്‍നിന്നാണ് റഷ്യയും പിന്മാറ്റം പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനാണ് പ്രഖ്യാപനം നടത്തിയത്.
പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നത് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. റഷ്യ കരാര്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് അമേരിക്ക കരാര്‍ വിടുന്ന കാര്യം പ്രഖ്യാപിച്ചത്. കരാര്‍ പൂര്‍ണമായി പാലിക്കാന്‍ അമേരിക്ക റഷ്യക്ക് കഴിഞ്ഞ ഡിസംബറില്‍ 60 ദിവസത്തെ കാലാവധി നല്‍കിയിരുന്നു. ഇത് അവസാനിച്ച മുറയ്ക്കാണ് റഷ്യ നിലപാടില്‍ മാറ്റംവരുത്തിയില്ലെന്ന് ആരോപിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പിന്മാറുന്നതായുള്ള കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കരാറില്‍ പങ്കാളികളായ അമേരിക്ക പിന്മാറ്റം പ്രഖ്യാപിച്ച നിലയ്ക്കു തങ്ങളും കരാര്‍ നിര്‍ദേശങ്ങള്‍ പിന്തുടരുന്നത് അവസാനിപ്പിക്കുന്നതായി പുടിന്‍ അറിയിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും ചര്‍ച്ചയ്ക്കു വച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് യു.എസ് നടപടിയെ പിന്തുണച്ചു രംഗത്തെത്തി.
മുഴുവന്‍ യൂറോപ്യന്‍ സഖ്യകക്ഷികളും അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. റഷ്യ വര്‍ഷങ്ങളായി കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും വീണ്ടും ആണവ മിസൈലുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് അവര്‍-സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.
നാറ്റോ എസ്.എസ്.സി-എട്ട് എന്നു വിളിക്കുന്ന 9എം729 മിസൈലുകള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചതായാണ് റഷ്യക്കെതിരേ അമേരിക്കയുടെപ്രധാന ആരോപണം. ഇതിന്റെ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് യു.എസ് വ്യക്തമാക്കുന്നു. എന്നാല്‍, ആരോപണം റഷ്യ പൂര്‍ണമായും തള്ളിക്കളഞ്ഞു.
ഇരുരാജ്യങ്ങളും കരാര്‍ ഉപേക്ഷിച്ചതോടെ ലോകശക്തികള്‍ക്കിടയില്‍ ആണവയുദ്ധം മുറുകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
1987ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനും സോവിയറ്റ് യൂനിയന്‍ നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും തമ്മിലാണ് ഐ.എന്‍.എഫ് കരാറില്‍ ഒപ്പുവച്ചത്.
ഇരുരാജ്യങ്ങളും ഹ്രസ്വദൂര-മധ്യദൂര മിസൈലുകള്‍ നിര്‍മിക്കുന്നത് കരാര്‍ പ്രകാരം നിരോധിച്ചിരുന്നു.
500 മുതല്‍ 5,500 വരെ കി.മീറ്റര്‍ പ്രഹരശേഷിയുള്ള, കരയില്‍നിന്നു വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈലുകള്‍ നിര്‍മിക്കരുതെന്നാണ് കരാറിലെ പ്രധാന നിര്‍ദേശം. കരാറിനെ തുടര്‍ന്ന് 1991ഓടെ ഈയിനത്തിലുള്ള 2,700 മിസൈലുകളാണ് ഇരുരാജ്യങ്ങളും നശിപ്പിച്ചത്. എന്നാല്‍, ട്രംപ് അധികാരത്തിലേറിയ ശേഷമാണ് റഷ്യ കരാര്‍ ലംഘനം നടത്തിയതായുള്ള ആരോപണം യു.എസ് ശക്തമാക്കിയത്. കരാര്‍ വിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍, യൂറോപ്യന്‍ യൂനിയന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."