50 കോടി കുട്ടികളുടെ പഠനം മുടങ്ങിയെന്ന് യുനെസ്‌കോ
ജനീവ: മഹാമാരിയായ കൊവിഡ്-19 ലോകമെങ്ങും വ്യാപിച്ചതോടെ 50 കോടി കുട്ടികളുടെ പഠനം മുടങ്ങിയതായി യുനെസ്‌കോ. ഇതിനകം 56 രാജ്യങ്ങളില്‍ പൂര്‍ണമായും 17 രാജ്യങ്ങളില്‍ ഭാഗികമായും സ്‌കൂളുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. ഒരേ സമയത്ത് ഒരേ പ്രശ്‌നം നിരവധി രാജ്യങ്ങളെ ബാധിക്കുകയെന്ന അസാധാരണ സ്ഥിതിവിശേഷമാണ് ലോകം ഇപ്പോള്‍ നേരിടുന്നതെന്നും വിദ്യാഭ്യാസ സമ്പ്രദായത്തെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ ദീര്‍ഘകാല പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും യു.എന്നിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ വിദ്യാഭ്യാസ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനിയ ജിയാനിനി പറഞ്ഞു. കൊവിഡ് മൂലം ലോകത്ത് അഞ്ചില്‍ ഒരു വിദ്യാര്‍ഥി സ്‌കൂളില്‍ പോകാനാവാതെ കഴിയുകയാണെന്ന് കഴിഞ്ഞയാഴ്ച യുനെസ്‌കോ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ കൊവിഡ് ഏറ്റവും മാരകമായി ബാധിച്ച പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനില്‍ ഉന്നത മതപണ്ഡിതസഭാ അംഗം വൈറസ് ബാധിച്ച് മരിച്ചു. രാജ്യത്തെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായ ആയത്തുല്ലാ ഹാഷിം ബതേയിയാണ് ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 853 ആയി. ഇന്നലെ 129 പേരാണ് മരിച്ചത്. 1,053 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു.
രാജ്യത്ത് പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെ ഉന്നത രാഷ്ട്രീയ നേതാക്കളും വിപ്ലവഗാര്‍ഡ് കമാന്‍ഡര്‍മാരും മതപണ്ഡിതരും വൈറസിന്റെ പിടിയിലാണ്. ഇതില്‍ ചിലര്‍ക്ക് ജീവഹാനിയും സംഭവിച്ചു. ഇതിനകം രാജ്യത്ത് 14,000ത്തിലേറെ പേരെ ബാധിച്ച വൈറസ് 700 ഓളം പേരുടെ ജീവനെടുത്തു. ഇതുവരെ ലോകത്ത് 140 രാജ്യങ്ങളിലായി 1,69,300 ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,500 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം 77,200 പേര്‍ക്ക് രോഗം ഭേദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."