ഉപതെരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യത
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിയേക്കും. ഇക്കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്ത ശേഷം തീരുമാനിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടനാട്ടിലും ചവറയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂണ്‍ 19ന് മുന്‍പ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കണം. ഇതനുസരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏത് സമയത്തും വോട്ടെടുപ്പ് നടത്താന്‍ സജ്ജമാണെന്നാണ് അറിയിച്ചത്.
ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് കൊവിഡ് ബാധ. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. എന്നാല്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചു മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. കൊറോണയുടെ കാര്യം പരിഗണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും.
കൊറോണയുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ല. സ്ഥിതിഗതികള്‍ അനുകൂലമാണെങ്കില്‍ തെരഞ്ഞെടുപ്പ് നടന്നിരിക്കണം. എന്നാല്‍ അസാധാരണ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്ന് കമ്മിഷന്‍ നിര്‍ബന്ധം പിടിക്കുന്നില്ല. മധ്യപ്രദേശില്‍ അടക്കം ചില സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഏപ്രിലില്‍ ഉപതെരഞ്ഞെടുപ്പ് നടത്താമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍ നടത്തിയത്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ വോട്ടെടുപ്പ് സാധ്യമല്ല. ഉപതെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ സഭയ്ക്ക് ഒരു വര്‍ഷം കാലാവധി വേണമെന്നാണ് ചട്ടം. 2022 മെയ് വരെയാണ് നിയമസഭയുടെ കാലാവധിയുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരുമായി കൂടിയാലോചിച്ച് മാത്രമാകും തീരുമാനം കൈക്കൊള്ളുകയെന്ന് ടിക്കാറാം മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."