സി.ബി.ഐയെ ഉപയോഗിച്ച് മമതയെ വേട്ടയാടുന്നത് ചെറുക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്.
മോദി ഭരണകൂടത്തിനെതിരേ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ച് പൊരുതുന്ന മമതക്കെതിരേ ബി.ജെ.പിക്കൊപ്പം കൈകോര്‍ത്ത സി.പി.എം നേതാക്കളുടെ നടപടി ഇരുകൂട്ടരുടെയും അന്തര്‍ധാരയാണ് വ്യക്തമാക്കുന്നത്.സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്ന വിലകുറഞ്ഞ ഹീനമായ തന്ത്രമാണ് സംഘ്പരിവാര്‍ പയറ്റുന്നത്. റാഫേല്‍ അന്വേഷണം ഭയന്ന് പാതിരാത്രിയില്‍ ഡയരക്ടറുടെ കസേര തെറിപ്പിച്ചവരാണ് സി.ബി.ഐയുടെ വിശ്വാസ്യതയെ കുറിച്ച് വാചാലരാകുന്നത്.
എന്‍.ഡി.എ സഖ്യം വിട്ട ഉടനെ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രയിലെ വസതിയിലും ഓഫിസിലും റെയ്ഡിനെത്തിയ സി.ബി.ഐ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കിടപ്പുമുറിയില്‍ വരെ കയറി പകപോക്കിയത് രാജ്യം കണ്ടതാണ്.പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലിറങ്ങിയ വാര്‍ത്ത വന്ന അടുത്ത ദിവസം ഭര്‍ത്താവ് വാദ്രയുടേയും ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളുടേയും ഓഫിസുകളില്‍ റെയ്ഡിനെത്തിയതും അഖിലേഷ് -മായാവതി സഖ്യം രൂപപ്പെട്ട ഉടനെ ഇരുവര്‍ക്കുമെതിരായ പഴയ കേസുകളുടെ പേരില്‍ കുറ്റപത്രം പുതുക്കിയതും ഇതേ ഏജന്‍സിയാണ്.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചതും ഇതേ സി.ബി.ഐയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."