HOME
DETAILS

കൊടുംക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ

  
backup
March 20 2020 | 18:03 PM

nirbaya-case-final-verdict

 

ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കു ശേഷം ഇന്നലെ പുലര്‍ച്ചെ 5.30ന് നിര്‍ഭയയുടെ കൊലയാളികളെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നു. കൊലക്കയര്‍ കഴുത്തില്‍ മുറുകാന്‍ രണ്ടു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും കോടതിമുറികളില്‍ പ്രതികള്‍ക്കു വേണ്ടിയുള്ള വാദങ്ങള്‍ നടക്കുകയായിരുന്നു. അത് ഈ കേസിലെ അപൂര്‍വതയാണ്.
വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് പ്രതികള്‍ക്കു വേണ്ടി പിന്നെയും ദയാഹരജി സമര്‍പ്പിക്കപ്പെട്ടതോടെയാണ് നിയമയുദ്ധം വീണ്ടും ആരംഭിച്ചത്. വധശിക്ഷ മാറ്റിവയ്ക്കാനുള്ള പുതിയ കാരണങ്ങളൊന്നും ഹരജിയിലില്ലെന്നു പറഞ്ഞ് ഹരജികള്‍ തള്ളി. തുടര്‍ന്ന് ദയാഹരജിയിലെ പിഴവുകള്‍ തിരുത്താന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കി. ഹൈക്കോടതി കേസ് വിചാരണയ്‌ക്കെടുക്കുകയും 2.30ന് ഹരജി തള്ളുകയും ചെയ്തു.


ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു പിന്നീട് പ്രതികളുടെ അഭിഭാഷകന്‍ എ.പി സിങ്. ഹൈക്കോടതിയില്‍നിന്ന് വിധിയുടെ പകര്‍പ്പു കിട്ടാന്‍ വൈകിയതോടെ പ്രതികളുടെ അഭിഭാഷകന്‍ സുപ്രിം കോടതി രജിസ്ട്രാറുടെ വീട്ടിലേക്ക് ഓടുകയും കേസ് മെന്‍ഷന്‍ ചെയ്യാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു. രജിസ്ട്രാര്‍ സുപ്രിം കോടതി ജഡ്ജി ആര്‍. ഭാനുമതിയുമായി ബന്ധപ്പെടുകയും അവര്‍ കേസ് കേള്‍ക്കാന്‍ തയാറാവുകയും ചെയ്തു. 3.30ന് സുപ്രിം കോടതിയും ഹരജി തള്ളിയതോടെ മരണക്കയര്‍ പ്രതികള്‍ക്ക് ഉറപ്പായി. ഇതിനിടയില്‍ മാരത്തണ്‍ ഓട്ടമാണ് പ്രതികള്‍ക്കു വേണ്ടി അവരുടെ അഭിഭാഷകന്‍ നടത്തിയത്. ഇതില്‍ കുപിതരായ വനിതാ അഭിഭാഷകര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു.


മറ്റെല്ലാ കേസുകളിലും വിധികളില്‍ പാകപ്പിഴവുകള്‍ വന്നാല്‍ തിരുത്താന്‍ കഴിയുമെന്നും എന്നാല്‍ വധശിക്ഷ നടപ്പിലാക്കിയാല്‍ അതു തിരുത്താനാവില്ലെന്നും അതിനാല്‍ നാലു ദിവസത്തേക്കെങ്കിലും വധശിക്ഷ നീട്ടിവയ്ക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളുകയായിരുന്നു കോടതി. അവസാനം പ്രതികളുടെ കഴുത്തില്‍ കൊലക്കയര്‍ മുറുകുക തന്നെ ചെയ്തു. പ്രാണന്‍ തിരിച്ചുകിട്ടാന്‍ അന്താരാഷ്ട്ര കോടതിയെ വരെ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകന്‍ സമീപിക്കുകയുണ്ടായി.


കൊവിഡ് ഭീഷണിയെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് കേസിന്റെ വിധി കേള്‍ക്കാന്‍ ജനക്കൂട്ടം എത്തിയത്. 2012 ഡിസംബര്‍ 16ന് ഓടുന്ന ബസില്‍ വച്ചാണ് ഡല്‍ഹിയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് അവരെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. മരണത്തോടു പോരാടി ഒടുവില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29ന് അവര്‍ മരിച്ചു. നിര്‍ഭയയുടെ മരണത്തിനു ശേഷം രാജ്യത്തൊട്ടാകെ പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തല്‍ഫലമായി കേസ് പെട്ടെന്നു തന്നെ വിചാരണയ്‌ക്കെടുക്കുകയും 2013 സെപ്റ്റംബര്‍ 10ന് പ്രായപൂര്‍ത്തിയാകാത്ത ബാലനെ ഒഴിവാക്കി മറ്റെല്ലാരെയും തൂക്കിക്കൊല്ലാന്‍ പാട്യാല ഹൗസ് കോടതി വിധിക്കുകയായിരുന്നു. മുഖ്യപ്രതി ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.


വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നല്‍കിയ ഹരജികളും അപ്പീലുകളും തള്ളിപ്പോയിട്ടും പ്രതികളുടെ വധശിക്ഷ നടപ്പാക്കാത്തതിനെ തുടര്‍ന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി നിയമപ്പോരാട്ടത്തിനിറങ്ങുകയായിരുന്നു. നീണ്ട ഏഴു വര്‍ഷത്തിനു ശേഷം തന്റെ പോരാട്ടം വിജയം കണ്ടെന്നാണ് വധശിക്ഷ നടപ്പാക്കിയതിനു ശേഷം അവര്‍ പ്രതികരിച്ചത്.
കൊടും ക്രൂരകൃത്യമെന്നായിരുന്നു വധശിക്ഷയ്‌ക്കെതിരേയുള്ള അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രിം കോടതി പറഞ്ഞത്. വധശിക്ഷയുടെ നൈതികതയെക്കുറിച്ചും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചും പതിവുപോലെ ഈ കേസിലും വാദപ്രതിവാദങ്ങള്‍ നടക്കുകയുണ്ടായി. പ്രമുഖരായ നിയമജ്ഞരില്‍ പലരും വധശിക്ഷയെ അനുകൂലിക്കുമ്പോള്‍, അത്രയും പേര്‍ വധശിക്ഷയെ എതിര്‍ക്കുന്നുമുണ്ട്. നീചകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കു പരമാവധി ശിക്ഷ ലഭിക്കണമെന്നും അതു വധശിക്ഷയായിരിക്കണമെന്നും വാദിക്കുന്നവരാണധികവും. എന്നാല്‍ ജീവന്‍ തിരിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇളവുകളില്ലാത്ത, മരണം വരെയുള്ള തടവാണ് ഇത്തരം കുറ്റവാളികള്‍ക്കു നല്‍കേണ്ടതെന്നും മറ്റു ചിലരും വാദിക്കുന്നു.


വധശിക്ഷയൊന്നും കുറ്റവാളികള്‍ക്കു പാഠമാകുന്നില്ലെന്നും സമൂഹത്തിന്റെ മനസില്‍ ഭയം പടര്‍ത്താന്‍ വധശിക്ഷ ഉപകരിക്കുമെന്നുമുള്ള ന്യായം വിമര്‍ശനവിധേയമാകുന്നുമുണ്ട്. വധശിക്ഷ പാഠമാകുമെങ്കില്‍ നിര്‍ഭയ കേസിലെ പ്രതികള്‍ക്കു വധശിക്ഷ വിധിച്ചതിനു ശേഷമെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്ത് കുറയേണ്ടതായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. തെളിവുകള്‍ ഇല്ലാതാക്കാനും പുതിയ തെളിവുകളുണ്ടാക്കാനും അന്വേഷണോദ്യോഗസ്ഥര്‍ക്കു കഴിയുമെന്നിരിക്കെ നിരപരാധികളെ എങ്ങനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കും? പലര്‍ക്കും ഹൈക്കോടതിക്കപ്പുറം സുപ്രിം കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്കു നല്‍കിയ വധശിക്ഷ പിന്നീടു തിരുത്താനാവില്ലല്ലോ.


ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് വധശിക്ഷയെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥ ന്യൂനതകള്‍ നിറഞ്ഞതാണെന്നും ഇതിനു കാരണമായി പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലക്കേസുകള്‍ക്കാണ് കോടതികള്‍ വധശിക്ഷ നല്‍കുന്നത്. മറ്റൊരു ശിക്ഷയും മതിയാവുകയില്ല എന്ന നിഗമനത്തിലാണ് പ്രതികള്‍ക്കു വധശിക്ഷ വിധിക്കുന്നത്.
ഇത്തരം ശിക്ഷാമുറകള്‍ കൊണ്ടൊന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളും അവസാനിക്കുന്നില്ല. അവസാനിക്കണമെങ്കില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള സമൂഹത്തിന്റെ മനോനിലയില്‍ മാറ്റമുണ്ടാകണം. അതു സംഭവിക്കാത്ത കാലത്തോളം നിര്‍ഭയ പോലുള്ള ക്രൂര സംഭവങ്ങള്‍ ഇനിയുമുണ്ടാകും. മരണമെത്തുന്ന നേരം വരെ പുറംലോകം കാണിക്കാതെ കുറ്റവാളികളെ ജയിലറകളില്‍ പാര്‍പ്പിക്കുന്നതും വലിയ ശിക്ഷ തന്നെയാണ്. നിര്‍ഭയ സംഭവം പോലുള്ള കൊടുംക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കാന്‍ മാത്രമേ ഇന്നത്തെ സാമൂഹികാവസ്ഥയില്‍ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago