മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന ഹരജിക്കാരന് അരലക്ഷം പിഴ
കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പുറത്തു നിന്ന് വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. മദ്യം അവശ്യ വസ്തുവല്ലെന്ന് നിരീക്ഷിച്ച കോടതി ഹരജിക്കാരന് അന്‍പതിനായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ആലുവ സ്വദേശി ജി. ജ്യോതിഷാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിക്കാരന്‍ അവഹേളനത്തിന് അര്‍ഹനാണെന്ന് കോടതി നിരീക്ഷിച്ചു. കോടതികളിലെ ഫയലിങിനു പോലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് പകര്‍ച്ചവ്യാധി പകരുന്ന സാഹചര്യത്തിലാണ്. ഇത്തരം ഹരജികള്‍ കോടതിയുടെ സമയം നഷ്ടപ്പെടുത്തലാണ്. ഇത്ര ഗുരുതരമായ സാഹചര്യത്തിലും നിലവാരമില്ലാത്ത ഹരജിയാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഈ സ്ഥാപനത്തിന് ഒരു കുലീനതയുണ്ട്. കോടതിയുടെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കരുത്. ഹരജിക്കാരന്റെ പ്രവൃത്തി നിസാരമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ദിവസം മൂന്ന് മുതല്‍ നാല് ലക്ഷം വരെ ഇടപാടുകാര്‍ മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ എത്തുന്നുണ്ടെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈനുകള്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് പരിഗണിച്ച കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ തുറന്നടിച്ചു. പൗരധര്‍മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസിലാകാത്തത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."