ജിഷയെ കൊലപ്പെടുത്തിയത് ഇംഗിതത്തിന് വഴങ്ങാത്തതിനാലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് പ്രതി അമീറുല്‍ ഇസ്്‌ലാമിന്റെ ഇംഗിതത്തിന് വഴങ്ങാത്തത് കൊണ്ടെന്ന് പൊലിസ്. ഇന്നലെ കോടതില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയിലാണ് പൊലിസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജിഷയുടെ മാതാവ് രാജേശ്വരി വീട്ടിലില്ലാത്തപ്പോഴാണ് പ്രതി ജിഷയുടെ വീട്ടിലെത്തിയത്. ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്‍ എത്തിയത്. ജിഷയെ കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും ശക്തമായി ചെറുത്തുനിന്നു. ഇതോടെ ജിഷയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് തറയില്‍ വീഴ്ത്തി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് കത്തിയുപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത വിദ്വേഷം മൂലം ജിഷയുടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി ആന്തരാവയവങ്ങള്‍ പുറത്തു ചാടത്തക്ക വിധം മാരകമായി പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യം അമീറുല്‍ സമ്മതിച്ചതായും പറയുന്നു. ജിഷ ധരിച്ചിരുന്ന വസ്ത്രത്തില്‍ കാണപ്പെട്ട കടിയുടെ പാട് ശാസ്ത്രീയപരിശോധന നടത്തിയതില്‍ പ്രതിയുടെ ഡി.എന്‍.എ ലഭ്യമായെന്നും വാതിലിനോട് ചേര്‍ന്നുള്ള കട്ടില ഭാഗത്ത് നിന്നും ലഭിച്ച രക്തസാമ്പിളില്‍ ഇതേ ഡി.എന്‍.എ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതിയുടേതെന്ന് സംശയിക്കുന്ന കനാലില്‍ കാണപ്പെട്ട ചെരുപ്പിലുണ്ടായിരുന്ന രക്തം ജിഷയുടേതാണെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടന്ന ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.ചെരുപ്പ് അമീറുല്‍ ഇസ്്‌ലാമിന്റേതാണെന്ന് ഇയാള്‍ക്കൊപ്പം താമസിക്കുന്ന സഹപ്രവര്‍ത്തകരായ മുനറുല്‍ ജമാല്‍, സുജല്‍ എന്നിവര്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടന്ന ഏപ്രില്‍ 28ന് രാത്രി പെരുമ്പാവൂരില്‍ നിന്ന് സ്ഥലംവിട്ട പ്രതി ആലുവയില്‍ നിന്നും ട്രെയിന്‍മാര്‍ഗമാണ് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അന്വേഷണസംഘത്തിലെ ഡി.വൈ.എസ്.പി സോജന്റെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ 15ന് പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പെരുമ്പാവൂരില്‍ താമസിക്കുന്ന അടുത്ത ബന്ധുവായ റൂബേലിനെ അറിയിച്ചിരുന്നു. പ്രതിയുടെ ഭാര്യ കാഞ്ചനെയെ ഫോണ്‍ ചെയ്ത് അറസ്റ്റ് വിവരം അറിയിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ മുഖം മൂടി ധരിപ്പിച്ച് പുറത്തിറക്കണമെന്നും ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്നും ഏഴ് പേജുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
സ്റ്റുഡിയോകളില്‍ പരിശോധന നടത്തി
കൊച്ചി: ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ വിവിധ സ്റ്റുഡിയോകളില്‍ പൊലിസ് പരിശോധന നടത്തി. വധിക്കപ്പെടുന്നതിന് ഒരുമാസം മുന്‍പ് ജിഷ ഒരുയുവാവുമായി ബൈക്കിലെത്തി സ്റ്റുഡിയോയില്‍ നിന്ന് ഫോട്ടോയെടുത്തിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.
പെരുമ്പാവൂര്‍ പി.പി റോഡിലെ സ്റ്റുഡിയോ ഉടമയില്‍ നിന്ന് പൊലിസ് വിശദമായി മൊഴി രേഖപ്പെടുത്തിയതായാണ് സൂചന. ഈ സ്റ്റുഡിയോയുടെ താഴത്ത് ബൈക്കില്‍ വന്നിറങ്ങിയ ജിഷ മുകള്‍ നിലയിലെ സ്റ്റുഡിയോയിലേക്ക് തനിച്ച് കയറിച്ചെന്ന് ഫോട്ടോയെടുത്താല്‍ ഉടന്‍ കിട്ടുമോ എന്ന് അന്വേഷിച്ചതായാണ് പ്രചാരണം. തല്‍സമയം ഇവിടെ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഫോട്ടോ എടുക്കാതെ മറ്റ് സ്റ്റുഡിയോ തേടിപ്പോയത്രെ. ഇതേത്തുടര്‍ന്നാണ് നഗരത്തിലെ വിവിധ സ്റ്റുഡിയോകളില്‍ പൊലിസ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."