രമേശ് ചെന്നിത്തല അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി
കാസര്‍കോട്: കാസര്‍കോട് സ്വീകരണ ചടങ്ങിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി. കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇന്നലെ രാവിലെ 11 മണിയോടെ കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റില്‍ ചെന്നിത്തലയും കൂടെയുണ്ടായിരുന്ന ആറോളം പേരും കുടുങ്ങിയത്. മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്, ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്, കോണ്‍ഗ്രസ് നേതാവ് പി.എ അഷ്റഫലിയടക്കമുള്ളവരാണ് അദ്ദേഹത്തോടൊപ്പം ലിഫ്റ്റിലുണ്ടായിരുന്നത്.
കാസര്‍കോട് ഫയര്‍ഫോഴ്സ് എത്തിയാണ് നേതാക്കളെ രക്ഷപ്പെടുത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സഹകരണ ബേങ്കിന്റെ മൂന്നാം നിലയിലായിരുന്നു. ലിഫ്റ്റ് രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കുമിടയില്‍ വച്ചാണ് നിന്നത്. ഈ സമയം വൈദ്യുതി നിലയ്ക്കുകയും ചെയ്തു. ലിഫ്റ്റിനകത്തുള്ളവരും പുറത്തുള്ളവരും തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന പൊലിസ് സംഘമാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ചെന്നിത്തലയെയും സംഘത്തെയും പുറത്തെത്തിച്ചത്. കെട്ടിടത്തില്‍ ലിഫ്റ്റ് ഓപ്പറേറ്റര്മാരില്ലായിരുന്നു. വൈദ്യുതി നിലച്ചതോ ആളുകള്‍ കൂടുതല്‍ കയറിയതോ ആകാം ലിഫ്റ്റ് നിലയ്ക്കാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നത്.
സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമാണ് കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗിക്കാറെന്നാണ് സൂചന. സുരക്ഷാ പരിശോധന നടത്താതെ പ്രതിപക്ഷ നേതാവിനെ ലിഫ്റ്റില്‍ കയറ്റിയതാണോയെന്ന കാര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."