കണ്ടിട്ടും കൊണ്ടിട്ടും അറിഞ്ഞില്ലെങ്കില്‍
'അയാള്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നതിനെക്കുറിച്ചൊന്നും ഒരു എത്തും പിടിയുമില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമുള്ള അയാളുടെ കൃത്യമായ യാത്രാമാപ്പ് തയാറാക്കാന്‍ പോലും കഴിയാതെ ഞങ്ങള്‍ വിഷമിക്കുകയാണ്. രക്തപരിശോധന നടത്തിയതുപോലും അയാള്‍ മറച്ചുവച്ചു.' കാസര്‍കോട് ജില്ലാ കലക്ടര്‍ കഴിഞ്ഞദിവസം നിസ്സഹായതയോടെ പറഞ്ഞ വാക്കുകളാണിത്.
ഒരു മനുഷ്യന്റെ വിവരക്കേടുകൊണ്ടോ ഉദാസീനത കൊണ്ടോ 'ഞാന്‍ എല്ലാവരെയും പറ്റിച്ചേ'യെന്ന മനോഭാവം കൊണ്ടോ ഒരു ജില്ല മൊത്തം, ഒരു സംസ്ഥാനം തന്നെ ഒറ്റപ്പെടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വന്നു, ജനങ്ങള്‍ക്കെല്ലാം വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി, അയല്‍സംസ്ഥാനങ്ങള്‍ കേരളത്തിലെ അതിര്‍ത്തി ഏതാണ്ട് അടച്ചുപൂട്ടി. പരീക്ഷകളെല്ലാം റദ്ദാക്കി. പൊതുവാഹനങ്ങള്‍ മിക്കതും നിരത്തിലിറങ്ങാതായി.
എന്തുകൊണ്ട് ? എല്ലാം ചില മനുഷ്യന്മാരുടെ ബോധമില്ലാത്ത പ്രവൃത്തികള്‍ മൂലം. വിദേശത്തുനിന്നു വരുന്നവരെല്ലാം കൊവിഡ് രോഗമില്ലെങ്കിലും പുറത്തെങ്ങും പോകാതെ, മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ സ്വന്തം വീട്ടിലെങ്കിലും നിശ്ചിതദിവസം ഏകാന്തവാസം നടത്തണമെന്ന അധികാരികളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന നടപ്പാക്കാതെ, വിമാനമിറങ്ങിയ ഉടനെ നാടുനീളെ വിലസി നടന്നവരാണ് ഈ നാടിനെ ഈ ഗതിയിലെത്തിച്ചത്.
'കൊവിഡ് ഇത്ര ഭീകരനാണെന്ന് അറിയില്ലായിരുന്നു' എന്ന് ഈ ലോകത്ത് ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. കാരണം, ലോകജനതയെ ആകമാനം അത്രമേല്‍ ഭീതിയിലാഴ്ത്തിയ രോഗമാണു കൊവിഡ് - 19. 195 രാജ്യങ്ങളാണ് ഈ ഭൂമുഖത്തുള്ളതെന്നാണു കണക്ക്. അതില്‍ 167 രാജ്യങ്ങളിലും വളരെ കുറഞ്ഞദിവസം കൊണ്ടു കൊവിഡ് പടര്‍ന്നു പിടിച്ചു. ഈ രോഗം ആദ്യം തലപൊക്കിയ ചൈനയിലും പിന്നീട് കാട്ടുതീ പോലെ വ്യാപിച്ച ഇറ്റലിയിലും ഇറാനിലും ആയിരക്കണക്കിനാളുകളാണു മരിച്ചത്.
ഇറ്റലി ശവപ്പറമ്പായി മാറിയെന്നാണ് കഴിഞ്ഞദിവസം ഒരു മാധ്യമം എഴുതിയത്. ഇറ്റലിയിലെ സെമിത്തേരികള്‍ മുഴുവന്‍ കൊവിഡ് ബാധിച്ചു മരിച്ചവരെ അടക്കി നിറഞ്ഞു കവിഞ്ഞു. ശേഷിച്ച മൃതദേഹങ്ങള്‍ കൂട്ടത്തോടെ കൊണ്ടുപോയി സംസ്‌കരിക്കേണ്ടി വന്നു എന്നായിരുന്നു വാര്‍ത്ത. ഇറ്റലിയെപ്പോലെ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പരിഷ്‌കൃതരാജ്യത്ത് ഇതാണ് അവസ്ഥയെങ്കില്‍ ഇന്നും കോടിക്കണക്കിനു മനുഷ്യര്‍ ചേരികളില്‍ താമസിക്കുന്ന ഇന്ത്യയിലും പട്ടിണിയുടെ തടവറകളായ ലൈബീരിയ, കോംഗോ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് അതേ രീതിയില്‍ സംഹാരതാണ്ഡവം നടത്തിയാലുള്ള അവസ്ഥയെന്താകുമെന്ന് ആലോചിച്ചു നോക്കൂ.
നിപായെപ്പോലെ കൂടിയ മരണനിരക്കുള്ള രോഗമല്ല കൊവിഡ് എന്നതു സത്യം. നാലുശതമാനം മാത്രമാണു കൊവിഡിന്റെ മരണനിരക്ക് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ, പ്രമേഹം പോലെ മറ്റു രോഗമുള്ള, അതുമൂലം രോഗപ്രതിരോധശേഷി കുറഞ്ഞ, അറുപത്തഞ്ചിലേറെ പ്രായമുള്ളവരില്‍ കൊവിഡ് മരണമുദ്ര പതിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്നും അവര്‍ പറയുന്നു. പ്രായമായവരിലും രോഗികളിലും മാത്രമാണല്ലോ കൊവിഡ് മരണം വിതയ്ക്കുന്നതെന്ന് ആശ്വസിച്ചിരിക്കേണ്ടെന്നു ലോകാരോഗ്യ സംഘടന യുവാക്കളെ ഓര്‍മപ്പെടുത്തുന്നുണ്ട്.
ഇത്തരത്തില്‍ വിദഗ്ധഭിഷഗ്വരന്മാരും ലോകാരോഗ്യസംഘടനയുള്‍പ്പെടെയുള്ള ഈ മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളും ഭരണകൂടങ്ങളുമെല്ലാം വേണ്ടതിലേറെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, കേരളത്തില്‍തന്നെ നിരവധി സ്ഥലങ്ങളില്‍ രോഗം ബാധിച്ചവരുടെ നേരനുഭവങ്ങള്‍ ഉണ്ടായിട്ടും നമ്മളില്‍ നല്ലൊരു പങ്കും അതു വേണ്ടത്ര ഗൗരവത്തോടെയെടുത്തില്ലെന്നാണ് ഇപ്പോള്‍ കേരളം നേരിടുന്ന ഈ ഭീകരാവസ്ഥ വ്യക്തമാക്കുന്നത്.
'അരിയെവിടെ, തുണിയെവിടെ, പണിയെവിടെ സര്‍ക്കാരേ' എന്ന പഴയകാല മുദ്രാവാക്യം പോലെ, ഭീകരമായ പകര്‍ച്ചവ്യാധി ലോകത്തെ മുഴുവന്‍ നക്കിത്തുടയ്ക്കാന്‍ തുടങ്ങുമ്പോഴും 'ഞങ്ങളെ രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണ്. അവരതു നിര്‍വഹിക്കട്ടെ' എന്ന മനോഭാവത്തോടെ രോഗാണുക്കളെയും വഹിച്ചു നാടുനീളെ നടക്കുന്ന കേമന്മാരുടെ നാടായി മാറിയിരിക്കുകയാണോ ഈ കേരളം. വിദേശത്തുനിന്നു കൊറോണ വൈറസ് ഏറ്റുവാങ്ങി ഇവിടെയെത്തി, ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ നാടുനീളെ ആ മരണവിത്തു വിതച്ചു നടന്ന കാസര്‍കോട് ഏരിയാല്‍ സ്വദേശിയുടെയും മാഹി പള്ളൂര്‍ സ്വദേശിനിയുടെയും അതുപോലെ പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയുള്ള മറ്റു പലരുടെയും പ്രവൃത്തികള്‍ ഇതാണു വ്യക്തമാക്കുന്നത്.
കാസര്‍കോട്ടെ ഏരിയാല്‍ സ്വദേശി കരിപ്പൂര്‍ വന്നെത്തിയതു പനിയുമായാണെന്നാണു വാര്‍ത്ത. മാര്‍ച്ച് 11 നാണ് അദ്ദേഹം കരിപ്പൂരില്‍ എത്തിയത്. അന്നു കോഴിക്കോട്ടെ ലോഡ്ജില്‍ താമസിച്ചു. ജ്വല്ലറികളുള്‍പ്പെടെ പല സ്ഥാപനങ്ങളിലും കയറിയിറങ്ങി. അടുത്തദിവസം ട്രെയിനില്‍ കാസര്‍കോട്ടേയ്ക്കു പോയി. 12, 13, 14 ദിവസങ്ങളില്‍ രണ്ടു വിവാഹച്ചടങ്ങുകളിലും ഫുട്‌ബോള്‍ മത്സരസ്ഥലത്തും ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ പോയി. പലരുമായും അടുത്തിടപഴകി. പലര്‍ക്കും ഹസ്തദാനം ചെയ്തു. പലരെയും ആലിംഗനം ചെയ്തു. ഇയാള്‍ ഇടപഴകിയവരില്‍ കാസര്‍കോട്ടെ രണ്ട് എം.എല്‍.എമാരുമുണ്ട്. (അവരും ക്വാറന്റൈനില്‍ പോകേണ്ടി വന്നിരിക്കയാണ്.)
ഇത്രയും ദിവസത്തിനുള്ളില്‍ ഏറ്റവും ചുരുങ്ങിയത് മൂവായിരത്തിലേറെ ആളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. നോക്കൂ, ഒരൊറ്റ മനുഷ്യന്‍ നാടിനുണ്ടാക്കിയ പൊല്ലാപ്പ്. ഇപ്പോഴും ആ മനുഷ്യന്റെ യാത്രാപഥം ദുരൂഹമാണെന്നാണു കാസര്‍കോട് ജില്ലാ കലക്ടര്‍ പറയുന്നത്. വിദേശത്തുനിന്നെത്തി രോഗസാധ്യത കണ്ടു കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചിട്ടും അവിടെ നിന്നു തര്‍ക്കിച്ച് ഇറങ്ങിപ്പോയി ഓട്ടോയിലും ട്രെയിനിലും മറ്റും യാത്ര ചെയ്ത്, ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചു വീട്ടിലെത്തിയ പള്ളൂരിലെ സ്ത്രീയും ഇതേ രീതിയില്‍ നാട്ടുകാര്‍ക്കിടയില്‍ കൊവിഡ് പരത്തുകയായിരുന്നു.
'കേരളത്തില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞവരെല്ലാം രോഗം ഭേദമായി വീട്ടിലേയ്ക്കു പോയില്ലേ. പിന്നെന്തിനിത്ര പേടിക്കണം.' എന്ന ചോദ്യം ചിലരെങ്കിലും ചോദിക്കുന്നുണ്ട്. പലരുടെയും മനസ്സില്‍ ഈ ചോദ്യമുണ്ടായിരിക്കാം. ശരിയാണ്. ചൈനയില്‍ നിന്നു കൊവിഡ് ബാധിച്ചു കേരളത്തിലെത്തി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളും മറ്റും രോഗമുക്തി നേടിയിട്ടുണ്ട്. വിദഗ്ധചികിത്സയും ശരിയായ പരിചരണവും നല്‍കിയതിനാലാണിത്. എന്നാല്‍, ഇപ്പോള്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നു നിരവധിയാളുകള്‍ നിത്യേന വന്നു കൊണ്ടിരിക്കുകയാണ്. അവരില്‍ പലരും കാസര്‍കോട് സ്വദേശിയും മാഹി സ്വദേശിനിയും മറ്റും ചെയ്തപോലെ ഏകാന്തവാസത്തില്‍ കഴിയാതെ നേരേ ജനക്കൂട്ടത്തിലേയ്ക്ക് ഇറങ്ങാന്‍ സാധ്യതയേറെയാണ്.
അതോടെ രോഗത്തിന്റെ വ്യാപനം പിടിച്ചുനിര്‍ത്താനാവാത്ത രീതിയിലാകും. ആശുപത്രികള്‍ നിറഞ്ഞു കവിയും. മതിയായ ചികിത്സ നല്‍കാന്‍ കഴിയില്ല. രോഗം ബാധിച്ചവര്‍ നാടെങ്ങും നിറയും. അവരിലൂടെ വൈറസ് കൂടുതല്‍ പേരിലെത്തും. അതോടെ ഇന്ന് ഇറ്റലിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകരക്കാഴ്ചകള്‍ പതിന്മടങ്ങായി നമ്മുടെ നാട്ടിലും അരങ്ങേറും. നോക്കിയിരിക്കെ ആളുകള്‍ മരിച്ചു വീഴും. ആ മരണം ഭീതിയോടെ നോക്കിയിരിക്കുന്ന നമ്മളും അടുത്ത നിമിഷം ഇല്ലാതാകും.
അതൊഴിവാക്കിക്കൂടേ ? കണ്ടറിയുന്നതല്ലേ നല്ലത്. അതിനു കഴിഞ്ഞില്ലെങ്കില്‍ കൊണ്ടാലെങ്കിലും അറിയേണ്ടേ.
ഇല്ലെങ്കില്‍ ? ആ ചോദ്യം ചോദിക്കാനും ഉത്തരം നല്‍കാനും ആരുമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."