സംയുക്ത സര്‍വേക്കിടെ വനംവകുപ്പിന്റെ പ്രത്യേക സര്‍വേ
സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്-കൊല്ലഗല്‍ 766 ദേശീയപാത നവീകരണ പ്രവൃത്തി തടഞ്ഞ വനവകുപ്പിന്റെ നടപടിയുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹരിക്കുന്നതിനുള്ള സംയുക്തസര്‍വേ ആരംഭിക്കാനിരിക്കെ വനംവകുപ്പ് സ്വന്തം നിലയില്‍ വനാതിര്‍ത്തികള്‍ നിര്‍ണയിച്ച് സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നതും ദേശീയപാതയില്‍ ടാറിങിനോട് ചേര്‍ന്ന് വലിയകല്ലുകള്‍ ഇടുന്ന നടപടിക്കുമെതിരേ പ്രതിഷേധവുമായി നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതി. ദേശീയപാത 766ലെ നവീകരണം വനംവകുപ്പ് തടഞ്ഞതിനെ തുടര്‍ന്ന് എം.എല്‍.എയടക്കമുള്ള ജനപ്രതിനിധികളുടെയും വകുപ്പുദ്യോഗസ്ഥരുടെയും ചര്‍ച്ചയെ തുടര്‍ന്നാണ് വനംവകുപ്പ്-റവന്യു-ദേശീയപാത വകുപ്പുകള്‍ സംയുക്ത സര്‍വേ നടത്തി അതിരുകള്‍ നിര്‍ണയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ സര്‍വേക്കിടെയാണ് ഫോറസ്റ്റ് മിനി സര്‍വേ വിഭാഗം സര്‍വേ നടന്ന ഭാഗങ്ങളില്‍ റിസര്‍വ് ഫോറസ്റ്റുകളുടെ അതിരുകള്‍ സ്വന്തം നിലയില്‍ നിശ്ചയിച്ച് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത്.
ഇതിനുപുറമെ വനത്തിലൂടെ ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ ടാറിങിനോട് ചേര്‍ന്ന് വലിയകല്ലുകള്‍ ഇടുന്നതുമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഇതിനെതുടര്‍ന്ന് നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച സ്ഥലം സന്ദര്‍ശിച്ച് സര്‍വേ നടപടികള്‍ നിര്‍ത്തിച്ചു. ഇത്തരത്തില്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികള്‍ക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. അതേ സമയം വനാതിര്‍ത്തിയില്‍ സര്‍വേകല്ലുകള്‍ സ്ഥാപിക്കുന്നത് 1938ലെ സര്‍വേപ്രകാരമുള്ള അതിര്‍ത്തിയിലാണെന്നാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്ന മിനിഫോറസ്റ്റ് ഹെഡ്‌സര്‍വേയര്‍ അറിയിച്ചത്. ടാറിങിനോട് ചേര്‍ന്ന് വലിയകല്ലുകള്‍ എടുത്തുവച്ചത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനും അറിയിച്ചു. റോഡിന്റെ നവീകരണത്തിനാവശ്യമായ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ അവകാശവാദമുന്നയിച്ചാണ് ദേശീയപാത 766 നവീകരണപ്രവൃത്തി ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് വനംവകുപ്പ് തടഞ്ഞത്. ദേശീയപാത കടന്നുപോകുന്ന മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയുള്ള പതിനൊന്നര കിലോമീറ്റര്‍ ദൂരത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."