സുല്‍ത്താന്‍ ബത്തേരി നഗരസഭ: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അവിശ്വാസത്തിന് നീക്കം
സുല്‍ത്താന്‍ ബത്തേരി: കേരളാകോണ്‍ഗ്രസ് എം, സി.പി.എം സഖ്യം നേതൃത്വം നല്‍കുന്ന ബത്തേരി നഗരസഭാ ഭരണസമിതിക്കെതിരേ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടിസ് നല്‍കാനൊരുങ്ങുന്നു. നാളെ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്്‌ലിംലീഗും കോണ്‍ഗ്രസും ഭാരവാഹികളുടെ യോഗം ചേര്‍ന്നതായതാണ് ലഭ്യമാകുന്ന വിവരങ്ങള്‍. നാളെ നിയോജകമണ്ഡലം യു.ഡി.എഫ് യോഗവും നടക്കുന്നുണ്ട്. മഹാജനയാത്രയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് ഇന്ന് ജില്ലയിലെത്തുമ്പോള്‍ അദ്ദേഹത്തെ ഇക്കാര്യം ബോധ്യപെടുത്തി നാളെ അവിശ്വാസത്തിന് നോട്ടിസ് നല്‍കാനാണ് യു.ഡി.എഫ് തീരുമാനം.
നിലവില്‍ കേരളാ കോണ്‍ഗ്രസ് എം അംഗം ടി.എല്‍ സാബു എല്‍.ഡി.എഫിന്റെ പിന്തുണയോടെയണ് നഗരസഭ ചെയര്‍മാനായിരിക്കുന്നത്. 35 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്ക് 17 വീതം അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവുമാണുണ്ടായിരുന്നത്.
എന്നാല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പുകളില്‍ കേരളാകോണ്‍ഗ്രസ് എം അംഗം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ നഗരസഭ ഭരണം എല്‍.ഡി.എഫിനായി. തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം സി.പി.എമ്മും കേരളാ കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് ഒരു വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എം അംഗം ടി.എല്‍ സാബുവിന് നല്‍കി. കഴിഞ്ഞ ഏപ്രില്‍ 26നാണ്് ധാരണ പ്രകാരം ടി.എല്‍ സാബു ചെയര്‍മാനായി തെരഞ്ഞെടുക്കപെട്ടത്. ഇതിനിടെ മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ രണ്ട് ഡിവിഷനുകളില്‍ ഉതെരഞ്ഞെടുപ്പും നടന്നു.
ഇതില്‍ മന്ദംകൊല്ലി ഡിവിഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ കരിവള്ളികുന്ന് ഡിവിഷന്‍ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഇതോടെ എല്‍.ഡി.എഫിന് 16ഉം കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് സഖ്യമായ യു.ഡി.എഫിന് 17ഉം കേരളാകോണ്‍ഗ്രസിന് ഒന്ന്, ബി.ജി.പിക്ക് ഒന്ന് എന്നിങ്ങനെയായി സീറ്റ്‌നില. ഇതോടെ യു.ഡി.എഫ് കേരളാ കോണ്‍ഗ്രസ് എമ്മിനോട് ചെയര്‍മാന്‍സ്ഥാനം രാജിവച്ച് യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പലതവണ സംസ്ഥാന നേതാക്കളെ കണ്ടെങ്കിലും വിജയിച്ചില്ല.
തുടര്‍ന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ സാധിക്കില്ലന്നതിനാലാണ് എത്രയുംപെട്ടന്ന് അവിശ്വാസത്തിന് യു.ഡി.എഫ് കരുക്കള്‍ നീക്കുന്നതെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."