ഇടുക്കിയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: റോഷി അഗസ്റ്റിന്‍
ഇടുക്കി: സംസ്ഥാന ബജറ്റില്‍ കുട്ടനാടിനും വയനാടിനും പ്രത്യേക പാക്കേജ് അനുവദിച്ചതുപോലെ ഇടുക്കി ജില്ലക്ക് പ്രത്യേക പാക്കേജ് ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യമന്ത്രിയ്ക്കും ധനകാര്യമന്ത്രിയ്ക്കും നിവേദനം നല്‍കി.
പ്രതികൂലമായ കാലാവസ്ഥയും ജലപ്രളയവും ജില്ലയ്ക്ക് കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. ദിവസങ്ങള്‍ നീണ്ടുനിന്ന മഴയെ അതിജീവിക്കാന്‍ നാണ്യവിളകള്‍ക്ക് സാധിച്ചില്ല. ഏലം, കുരുമുളക്, ജാതി, കൊക്കോ തുടങ്ങിയ വിളകള്‍ എല്ലാംതന്നെ വ്യാപകമായി നശിച്ചു. ഏലത്തിന്റെ അഴുകല്‍ രോഗവും , കുരുമുളകിന്റെ ഋതവാട്ടവുംമൂലം വ്യാപകമായി കൃഷി നശിച്ചു. സ്‌പൈസസ് ബോര്‍ഡിന്റെ കണക്കുപ്രകാരം 5000 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷി നശിച്ചതില്‍ 100 കോടി രൂപയുടെ നഷ്ടം ഏലം മേഖലയിലും, 10000 ഹെക്ടര്‍ സ്ഥലത്തെ കുരുമുളക് കൃഷി നശിച്ചതില്‍ 100 കോടി രൂപയുടെ നഷ്ടവുമാണ് കണക്കാക്കിയിട്ടുള്ളതെന്ന് എം.എല്‍.എ നിവേദനത്തിലൂടെ ഉന്നയിച്ചു. നാണ്യവിളകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചില്ലെങ്കില്‍ ഇടുക്കിയിലെ കാര്‍ഷികമേഖല തകര്‍ന്നടിയും. ഒരു ഏക്കര്‍ റീപ്ലാന്റ് ചെയ്യണമെങ്കില്‍ ഏകദേശം രണ്ട് ലക്ഷം രൂപയ്ക്കുമേല്‍ ചെലവുവരും.
ക്ഷീരകാര്‍ഷിക മേഖലയില്‍ സംസ്ഥാനത്തെ തന്നെ പ്രമുഖ സ്ഥാനം വഹിയ്ക്കുന്ന ജില്ലയാണ് ഇടുക്കി. ക്ഷീരകാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകര്‍ ഇന്നു തീരാദുരിതത്തിലാണ്. പ്രളയകെടുതിയില്‍ നിരവധി പശുക്കള്‍ നഷ്ടപ്പെട്ടു, നിരവധി ഫാമുകള്‍ തകര്‍ന്നു. തൊഴുത്തുകള്‍ നശിച്ചു. തീറ്റപുല്‍കൃഷി വ്യാപകമായി നശിച്ചു. ഒരു പശുവിനുള്ള തൊഴുത്തു നിര്‍മ്മിക്കാനും അനുബന്ധ സംവിധാനങ്ങളും ഏര്‍പ്പെടുത്താനുമായി ഏകദേശം അമ്പതിനായിരം രൂപയെങ്കിലും ചെലവുവരും. ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ് നല്‍കേണ്ടതുണ്ട്.
റോഡുകളുടെ കാര്യത്തിലാണെങ്കില്‍ ജില്ലയിലാകെ 3000 കോടി രൂപയുടെയും ഇടുക്കി നിയോജകമണ്ഡലത്തിലെ മാത്രം കണക്കെടുത്താല്‍ ഏകദേശം 800 കോടി രൂപയുടെ നാശനഷ്ടമാണ് റോഡുകള്‍ക്കുണ്ടായത്. നിലവില്‍ അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പര്യാപ്തമല്ല. രണ്ടു പതിറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെടുത്തിയ റോഡ് സംവിധാനങ്ങളാണ് തകര്‍ന്നടിഞ്ഞത് അതുകൊണ്ടുതന്നെ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്ന് എം.എല്‍.എ നിവേദനത്തില്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."