വിദേശികള്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് സഊദി തൊഴില്‍ മന്ത്രി
ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ്. ഒഴിവു വരുന്ന തൊഴിലവസരങ്ങള്‍ ആദ്യം മന്ത്രാലയത്തിന്റെ താഖാത്ത് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തണമെന്നാണ് നിയമം. ഈ ഒഴിവുകളിലേക്ക് സ്വദേശികള്‍ നിയമിക്കപ്പെട്ടില്ലെങ്കില്‍ മാത്രമേ വിദേശ തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചെറുകിട സ്ഥാപനങ്ങളുടെ പരാതി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ കമ്പനികളില്‍ ഒഴിവുവരുന്ന തൊഴിലവസരങ്ങള്‍ക്ക് വിദേശത്തുനിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കണമെങ്കില്‍ ആദ്യം തൊഴില്‍ മന്ത്രാലയത്തിന്റെ 'താഖാത്ത്' എന്ന പോര്‍ട്ടലില്‍ പരസ്യപ്പെടുത്തം. പരസ്യം രണ്ട് മാസം നിലനിര്‍ത്തണം. സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒഴിവു വരുന്ന തസ്തികകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് മന്ത്രാലയത്തിന്റെ പുതിയ നടപടിയെന്ന് മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. സഊദി പൗരന്‍മാര്‍ക്ക് തൊഴില്‍ വിവരങ്ങള്‍ അറിയിക്കുന്നതിനാണ് അടുത്തിടെ മന്ത്രാലയം താഖത്ത് പോര്‍ട്ടല്‍ ആരംഭിച്ചത്.
എന്നാല്‍ മന്ത്രാലയത്തിന്റെ നടപടി തങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും നിയമത്തില്‍ പുനരാലോചന നടത്തണമെന്നും ചെറുകിട, ഇടത്തരം സ്ഥാപന മേധാവികള്‍ തൊഴില്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. നിര്‍മാണ ജോലികള്‍, ശുചീകരണം പോലുള്ള തൊഴിലുകള്‍ക്ക് സ്വദേശികള്‍ തയ്യാറാവില്ലെന്നതിനാല്‍ രണ്ട് മാസത്തെ കാത്തിരിപ്പ് വിഫലമാണെന്നും സ്ഥാപന അധികൃതര്‍ ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിന്റെ നിബന്ധന സ്ഥാപന ഉടമകള്‍ക്ക് ഏറെ സാമ്പത്തിക നഷ്ടത്തിനും കാരണമായിട്ടുണ്ട്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ പദ്ധതി ഏറ്റെടുത്ത ഉടന്‍ വിസക്ക് വേണ്ടി അപേക്ഷിക്കുന്നത് സ്വീകാര്യമല്ലെന്നാണ് തൊഴില്‍ മന്ത്രി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."