പാര്‍ലമെന്റ് ബജറ്റ് സമ്മേളനം പിരിഞ്ഞു
ന്യൂഡല്‍ഹി; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ധനബില്‍ ചര്‍ച്ച കൂടാതെ പാസാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ഏപ്രില്‍ മൂന്നുവരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് നേരത്തെ പിരിഞ്ഞത്. സഭ ഇന്ന് പിരിയാന്‍ സ്പീക്കര്‍ ഓംബിര്‍ല വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ധനബില്ലില്‍ 40 ഭേദഗതികള്‍ വരുത്തിയാണ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ബില്‍ പാസാക്കും മുന്‍പ് കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് സംബന്ധിച്ച് ധനകാര്യമന്ത്രി പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസിന്റെ ആദിര്‍ രഞ്ജന്‍ ചൗധരിയും ഡി.എം.കെയുടെ ടി.ആര്‍ ബാലുവും ആവശ്യപ്പെട്ടു.
ഇതിന്റെ പേരില്‍ ചെറിയൊരു ബഹളം നടന്നെങ്കിലും നിര്‍മലാ സീതാരാമന്‍ അതിന് മറുപടി നല്‍കിയില്ല. സഭ പിരിയുന്നതിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി ലോക്‌സഭയിലെത്തി. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സേവനം അനുഷ്ഠിക്കുന്ന മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്കും അവശ്യവസ്തുക്കളുടെ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും എം.പിമാര്‍ എല്ലാവരും എഴുന്നേറ്റുനിന്ന് അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. രാജ്യസഭയും ധനബില്‍ പാസാക്കി പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."