വിരട്ടലൊക്കെ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് വി.ടി ബല്‍റാം
തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷ അംഗം തനിക്കെതിരേ ആക്രോശിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി വി.ടി ബല്‍റാം എം.എല്‍.എ.
സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് നിയമസഭയില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം വ്യക്തമാക്കി. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല.
ബ്രണ്ണന്‍ കോളജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാസിസ്റ്റ് സംഘടനകളുടെ തോന്നിവാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹമിപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം.
ആ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ 'എടാ'എന്ന് വിളിച്ചാക്ഷേപിച്ച വി.ടി ബല്‍റാമിനെതിരേ പ്രതിഷേധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എ.എന്‍ ഷംസീറും ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."