അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴു പതിറ്റാണ്ട്
മാര്‍ച്ച് 10, ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗധേയം കുറിച്ച ചരിത്രത്തിലെ അനര്‍ഘനിമിഷം. വിഭജനത്തിന്റെ തീരാവേദനകളും ഒറ്റപ്പെടലും നൊമ്പരങ്ങളുടെ അതിതീക്ഷ്ണത പകര്‍ന്ന ആ നാളുകളില്‍ ഒരു ജനതയുടെ പ്രതീക്ഷയുടെ തിരിവെട്ടമായിരുന്നു മദ്രാസിലെ രാജാജിഹാളില്‍ മുനിഞ്ഞുകത്തിയത്.
ഇന്ത്യയിലെ ഉഗ്രപ്രതാപികളായ മുസ്‌ലിംനേതാക്കള്‍ ഒന്നടങ്കം പാകിസ്താനെന്ന പുതിയ രാഷ്ട്രത്തിലേക്കു ചേക്കേറിയ ഭയാശങ്കകളുടെ അന്തരീക്ഷത്തിലാണ് ഒരുപറ്റം നേതാക്കള്‍ ആ സമ്മേളനഹാളിലേക്കു കടന്നുവരുന്നത്. സര്‍വരാലും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി മുസ്‌ലിംലീഗെന്ന പാര്‍ട്ടിയേ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഭൂരിപക്ഷം നേതാക്കളും.
പ്രക്ഷുബ്ധഭാവിയെക്കുറിച്ചുള്ള ഭയാശങ്കകളായിരുന്നു അവരെ ആ തീരുമാനത്തിലെത്തിച്ചത്. പക്ഷേ, ഒരാള്‍ ദൃഢനിശ്ചയത്തില്‍ തന്നെയായിരുന്നു; സാക്ഷാല്‍ ഖാഇദേമില്ലത്ത്. ഈ പ്രതിസന്ധിയുടെ ഘനാന്ധകാരത്തിലാണു നാം പ്രതീക്ഷയുടെ വിളക്കുമാടം പണിയേണ്ടതെന്നായിരുന്നു ആ യുഗപുരുഷന്റെ പ്രഖ്യാപനം.
ഖാഇദേമില്ലത്തിന്റെ ക്രാന്തദര്‍ശനത്തില്‍നിന്ന് ഉയിര്‍കൊണ്ട മുസ്‌ലിംലീഗ് പ്രസ്ഥാനം ഇന്നു പ്രയാണവീഥിയില്‍ ഏഴു പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ജീവിതപരിസരങ്ങളും വളരെയേറെ മാറിക്കഴിഞ്ഞെങ്കിലും ഇന്നും ഈ പ്രസ്ഥാനം സമകാലിക വെല്ലുവിളികള്‍ ഏറ്റെടുത്തു കാലത്തിനുമുമ്പേ സഞ്ചരിക്കുന്നു. സമുദായത്തിന്റെ പേരില്‍ എന്തിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെന്നു ചോദിച്ചവരോട് അഭിമാനകരമായ അസ്തിത്വമെന്ന നിയോഗദൗത്യമായിരുന്നു ഖാഇദേമില്ലത്ത് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് ആ മുദ്രാവാക്യത്തിനു കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുന്നു.
ദേശീയതലത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ കായികമായി മാത്രമല്ല ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്, ആശയപരമായിട്ടു കൂടിയാണ്. മുസ്‌ലിംസമുദായത്തിന്റെ വ്യക്തിനിയമങ്ങളെപ്പോലും വക്രീകരിക്കാനും പരിഷ്‌കാരമെന്ന പേരില്‍ തേച്ചുമിനുക്കി ഇല്ലാതാക്കാനും അവര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിംസമുദായത്തിന്റെ അസ്തിത്വംതന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ നാം ഖാഇദേമില്ലത്തിനെ ഓര്‍ക്കാതെ പോകുന്നതെങ്ങനെ.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ചു ഗൗരവമായ പഠനങ്ങള്‍ നടത്തിയവരൊക്കെ മുസ്‌ലിംലീഗിനെപ്പോലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അഭാവമാണു പ്രധാനവെല്ലുവിളിയായി എടുത്തുപയുന്നത്. ന്യൂനപക്ഷമായ മുസ്‌ലിംകളുടെ രാഷ്ട്രീയപാര്‍ട്ടിക്കു ജനാധിപത്യത്തിന്റെ രാഷ്ട്രീയക്കളത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലെന്നു ജല്‍പ്പനം നടത്തിയവര്‍ക്കു കാലം നല്‍കിയ മറുപടിയാണു മുസ്‌ലിംലീഗിന്റെ ഈ പൊതുസ്വീകാര്യത.
പറയേണ്ട കാര്യങ്ങള്‍ രൂക്ഷമായി പറഞ്ഞാലേ സാമുദായികമാകൂവെന്ന സാമ്പ്രദായിക പൊതുബോധത്തെ തകിടംമറിക്കുക കൂടി ചെയ്തു മുസ്‌ലിംലീഗ്. 'ഞങ്ങളുടെ പാര്‍ട്ടിയുടെ പേരു മുസ്‌ലിംലീഗെന്നാണ്. ഞങ്ങള്‍, അവകാശങ്ങള്‍ ചോദിച്ചുവാങ്ങുകയും അനീതിക്കെതിരേ പോരാടുകയും ചെയ്യും. പക്ഷേ, തീവ്രവാദത്തിന്റെ രാക്ഷസീയത ഞങ്ങള്‍ക്ക് അന്യമാണ്.' ഇതാണ് ലീഗിന്റെ നയം.
ഈ മിതവാദനിലപാടിന്റെ പേരില്‍ നിരവധി ആക്ഷേപങ്ങള്‍ ഈ പാര്‍ട്ടിക്കു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അക്കൗണ്ട് ബുക്കിലേക്ക് ഒരുപാട് നഷ്ടങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ആത്യന്തികവിജയം സൗഹാര്‍ദത്തിനും സംയമനത്തിനുമാണെന്നു കാലം തെളിയിച്ചിരിക്കുന്നു. ബാബരി മസ്ജിദ് ധ്വംസന കാലഘട്ടമടക്കം നിരവധി ചരിത്രസന്ദര്‍ഭങ്ങള്‍ ഇതിനു സാക്ഷിയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം സാമുദായിക വികാരം ആളിക്കത്തിച്ചു പല തെരഞ്ഞെടുപ്പിലും അപ്രതീക്ഷിത മുന്നേറ്റം ചില മുസ്‌ലിംരാഷ്ട്രീയ സംഘടനകള്‍ക്കു സാധിക്കുന്നുണ്ടെന്നതു നിഷേധിക്കുന്നില്ല. പക്ഷേ, പുതുമഴയില്‍ മുളച്ച കൂണുകളെപ്പോലെ അല്‍പ്പായുസ്സ് മാത്രമേ അവയ്ക്ക് ഉണ്ടാവുകയുള്ളൂ.
സമുദായത്തിന്റെ സ്ഥിരമായ പുരോഗതിയും അഭിവൃദ്ധിയും നേടിയെടുക്കാന്‍ ഇത്തരം ഒച്ചപ്പാടുകള്‍ക്കു സാധിക്കില്ലെന്നതാണു യാഥാര്‍ഥ്യം. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രമനുസരിച്ചു തുള്ളിച്ചാടുകയല്ല ചെയ്യേണ്ടതെന്നും പക്വതയുടെ രീതിശാസ്ത്രം അവര്‍ക്കു പകര്‍ന്നുനല്‍കുകയാണു വേണ്ടതെന്നും മുസ്‌ലിംലീഗ് തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
എഴുപതാം ജന്മദിനമാഘോഷിക്കുന്ന ഈ ചരിത്രസന്ദര്‍ഭത്തില്‍ ചില വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണു മുസ്‌ലിംലീഗ്. പാര്‍ട്ടിയുടെ പുതിയ ദേശീയകമ്മിറ്റി നിലവില്‍ വരികയും ഫാസിസത്തെ തുരത്താന്‍ മുസ്‌ലിം,ദലിത്, ആദിവാസി കൂട്ടായ്മയ്ക്കു ലീഗ് ക്രിയാത്മക നേതൃത്വം നല്‍കുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മറന്നുള്ള കോര്‍പറേറ്റ്‌വല്‍ക്കരണവും നിരക്ഷരകോടികളെ കാണാത്ത നോട്ടില്ലാസമ്പദ് ഘടനയും ദാരിദ്ര്യവും നിരക്ഷരതയും പീഡനങ്ങളും മറച്ചുപിടിക്കാന്‍ വര്‍ഗീയകാര്‍ഡിറക്കുന്നതും പൈതൃകങ്ങളെ തച്ചുതകര്‍ക്കാന്‍ ഏകീകൃത സിവില്‍കോഡിന്റെ വാളോങ്ങുന്നതും എതിര്‍ത്തുതോല്‍പ്പിക്കാന്‍ അധികമാരും മുന്നോട്ടുവരാത്ത കാലമാണിത്. പൊതുശത്രുവിനെതിരേ സമാനമനസ്‌കരുമായി യോജിച്ചുള്ള മുന്നേറ്റത്തിനു ലീഗ് നേതൃത്വം നല്‍കാന്‍ പോവുകയാണ്.
ദേശീയരാഷ്ട്രീയത്തില്‍ ക്രിയാത്മകമായ മുന്നേറ്റം സ്വപ്‌നംകാണുന്ന ലീഗിനു മുമ്പില്‍ നിരവധി വെല്ലുവിളികളാണുള്ളത്. അതില്‍ പ്രധാനം രാജ്യം നേരിടുന്ന ദാരിദ്ര്യവും നിരക്ഷരതയുമാണ്. അന്നം തേടുന്നവനു മുമ്പില്‍ ഗിരിപ്രഭാഷണം നടത്തിയിട്ടു കാര്യമില്ലെന്നു പറയാറുണ്ട്. അവനു വേണ്ടതു ഭക്ഷണമാണ്.
ഒരു നേരത്തെ അഷ്ടിക്കുവകയില്ലാതെ തെരുവില്‍ അലയുന്ന ബാല്യങ്ങളും ചോര്‍ന്നൊലിക്കുന്ന വീടുകളും വൃത്തിഹീനമായ ചേരികളും വലിയ ചോദ്യചിഹ്നം സൃഷ്ടിക്കുമ്പോള്‍ ആദര്‍ശത്തിന്റെ വലിയ വാക്കുകള്‍ പകര്‍ന്നുകൊടുത്തിട്ടു കാര്യമില്ല. ഈ സാഹചര്യം മുസ്‌ലിംലീഗ് നന്നായി തിരിച്ചറിയുന്നുണ്ട്. ഈ അടിയന്തര ആവശ്യം മുന്‍നിര്‍ത്തിയാണ് ഉത്തരേന്ത്യയില്‍ വലിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു പാര്‍ട്ടി ചുക്കാന്‍ പിടിക്കുന്നത്.
മുസഫര്‍നഗറിലടക്കം വലിയ വിദ്യാഭ്യാസ, പാര്‍പ്പിട പദ്ധതികള്‍ക്കു മുസ്‌ലിംലീഗ് തുടക്കം കുറിച്ചുകഴിഞ്ഞു. മറ്റു മത,സാമുദായിക,സന്നദ്ധസംഘടനകളുമായി സഹകരിച്ചു വലിയ മുന്നേറ്റം ഉത്തരേന്ത്യന്‍ മുസ്്‌ലിംകളുടെ സാമൂഹികരംഗത്ത് സൃഷ്ടിക്കാന്‍ ലീഗ് ഉദ്ദേശിക്കുന്നുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്തും ചെമ്മാട് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി അടക്കമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു പല സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ലീഗിനു സാധിച്ചിട്ടുണ്ട്.
ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തില്‍ മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ വിവേചനം കാണിക്കേണ്ടതില്ലെന്നതാണു മുസ്‌ലിംലീഗിന്റെ നിലപാട്. യോജിക്കാവുന്നവരുമായൊക്കെ യോജിച്ചു ഫാഷിസമെന്ന പൊതുശത്രുവിനെ നേരിടണം. ജന്മദിനാഘോഷവേളയില്‍ പാര്‍ട്ടിക്കു മുന്നോട്ടുവയ്ക്കാനുള്ള പ്രധാനപ്പെട്ട സന്ദേശമാണിത്. ഫാസിസ്റ്റ് ധാര്‍ഷ്ട്യത്തിനെതിരേ കലാലയങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന വമ്പന്‍ പ്രതിഷേധങ്ങള്‍ വലിയ പ്രതീക്ഷയാണു നല്‍കുന്നത്.
രാഷ്ട്രീയത്തിന്റെ വൈജാത്യങ്ങളൊന്നും പരിഗണിക്കാതെ ഇന്ത്യന്‍ കാംപസുകളിലെ പുതു തലമുറ അധികാരദല്ലാളന്മാര്‍ക്കെതിരേ സുധീരം പോരാടുന്നു. ഇത്തരം ന്യൂജന്‍ പോരാട്ടങ്ങളില്‍ മുസ്‌ലിംലീഗിന്റെ പുതുതലമുറയും വലിയ സംഭാവനയാണു നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഉന്നതകാംപസുകളില്‍ എം.എസ്.എഫിന്റെ ബാനറില്‍ നടക്കുന്ന ഫാസിസ്റ്റ്‌വിരുദ്ധ സമരങ്ങള്‍ ഉത്തരേന്ത്യയിലെ മുസ്‌ലിംലീഗിന്റെ നവജാഗരണപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജവും ഉന്മേഷവും പകരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."