റോബര്‍ട്ട് വാദ്രയെ ഇ.ഡി ഇന്നലെ ചോദ്യംചെയ്തത് അഞ്ചു മണിക്കൂര്‍: ഇന്ന് വീണ്ടും ഹാജരാവും
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിനായി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) മുന്‍പില്‍ ഇന്ന് വീണ്ടും ഹാജരാവും. ഇന്നലെ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലാണുണ്ടായത്.
തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്‍പില്‍ നിഷേധിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകണമെന്ന് അദ്ദേഹത്തോട് ഡല്‍ഹി കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്‍പില്‍ ഹജരായത്.
ലണ്ടനില്‍ താന്‍ വസ്തുവകകള്‍ വാങ്ങിയെന്നത് ശരിയല്ലെന്ന് അഞ്ചു മണിക്കൂര്‍ നേരം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ അദ്ദേഹം പറഞ്ഞു.
ഇന്നലെ ഭാര്യ പ്രിയങ്കാ ഗാന്ധിക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റില്‍ ചോദ്യം ചെയ്യലിന് വദ്ര എത്തിയത്. ഭര്‍ത്താവിനെ ഓഫിസിലേക്ക് കടത്തി വിട്ടശേഷം അദ്ദേഹത്തെ കാത്തുനില്‍ക്കാതെ പ്രിയങ്ക കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് തിരിച്ചു പോകുകയും ചെയ്തു.
ഫെബ്രുവരി 16വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത്. ലണ്ടനില്‍ വാങ്ങിച്ച സ്വത്തുവകകളില്‍ മുന്ന് വില്ലകളും മൂന്ന് അത്യാഢംബര ഫഌറ്റുകളും ഉണ്ട്. എല്ലാം വാങ്ങിയത് 2005നും 2010നും ഇടയിലാണ്.
ഇവയില്‍ രണ്ട് വില്ലകള്‍ക്ക് ചുരുങ്ങിയത് 83 കോടി രൂപ വിലവരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഡല്‍ഹി കോടതിയില്‍ അറിയിച്ചത്. സ്വത്തുവകകളെക്കുറിച്ച് അറിയാനായി മാത്രമാണ് അദ്ദേഹത്തെ വിളിപ്പിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു.
പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമായതോടെ ഭര്‍ത്താവ് വദ്രക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ കുരുക്കുമുറുക്കിയിരിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. തനിക്കെതിരായ നീക്കത്തിനുപിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നും അദ്ദേഹം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. വദ്രക്കെതിരേ ആരോപണം ഉന്നയിച്ച് പ്രിയങ്കയെ ലക്ഷ്യംവയ്ക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം ഇന്ന് എന്റഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് വദ്രയെ ആണെങ്കില്‍ നാളെ അത് മോദിയെ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
താന്‍ ഭര്‍ത്താവിനൊപ്പം; കേസിനുപിന്നില്‍ രാഷ്ട്രീയ പകപോക്കല്‍: പ്രിയങ്കാ ഗാന്ധി
തന്റെ ഭര്‍ത്താവിനെതിരായ നീക്കങ്ങളെല്ലാം രാഷ്ട്രീയ പകപോക്കലാണെന്ന് എ.ഐ,സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. താന്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
റോബര്‍ട്ട് വദ്ര തന്റെ ഭര്‍ത്താവാണ്. അദ്ദേഹം എന്റെ കുടുംബമാണ്. ആരെന്ത് പറഞ്ഞാലും ഞാനെന്റെ കുടുംബത്തിനൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് സ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയായി അവര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് പ്രിയങ്ക എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."