പൂഴ്ത്തിവയ്ക്കലും വിലകൂട്ടുലും തുടങ്ങി: നടപടിയുമായി സിവില്‍ സപ്ലൈസ്
കൊല്ലം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ പാലും മറ്റ് അവശ്യവസ്തുക്കളും വലിയ തോതില്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ സിവില്‍ സപ്ലൈസ് നടപടി തുടങ്ങി. രണ്ടു ദിവസമായി അവശ്യ സാധനങ്ങള്‍ക്ക് വിലവര്‍ധിച്ചതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന് സവാളയ്ക്കും ചെറിയ ഉള്ളിക്കും വര്‍ധിപ്പിച്ച വില സിവില്‍ സപ്ലൈസ് അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുറച്ചു. അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവച്ചതും കണ്ടെത്തി.
അന്യായമായി വില വര്‍ധിപ്പിച്ച മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
അടുത്തിടെ സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും വന്‍തോതില്‍ വില ഉയര്‍ന്ന സാഹചര്യം ലോക്ഡൗണ്‍ കാലയളവിലും വിപണിയില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
പാലും പാല്‍ ഉല്‍പ്പന്നങ്ങളും പൂഴ്ത്തിവച്ച് അമിത വില ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്ന് മില്‍മ രംഗത്തെത്തി.
മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മില്‍മ പാലിന്റെ ലഭ്യത ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മില്‍മ തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് മില്‍മ കേരളത്തിലേക്ക് ദിവസവും പാല്‍ എത്തിക്കുന്നത്.
മഹാരാഷ്ട്രയില്‍നിന്ന് ലിറ്ററിന് നാലും മറ്റിടങ്ങളില്‍നിന്നു മൂന്നു രൂപയുടെയും നഷ്ടം സഹിച്ചാണ് പാല്‍ എത്തിക്കുന്നതെന്നും രമേശ് പറഞ്ഞു.
പച്ചക്കറി വിലയില്‍ വര്‍ധന
കണ്ണൂര്‍: സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ചതോടെ പച്ചക്കറിക്കും വിലവര്‍ധന. കൊവിഡ് വ്യാപനത്തിനു മുന്നോടിയായി സുലഭമായി ലഭിച്ചിരുന്ന പച്ചക്കറികള്‍ക്ക് 10 മുതല്‍ 30 രൂപയുടെ വരെ വര്‍ധനയാണ് ഇപ്പോഴുള്ളത്.
മൊത്ത വ്യാപാരത്തില്‍ ആഴ്ചയ്ക്കു മുന്‍പ് 25 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇന്നലെ 40 രൂപയാണു വില. ഇതു ചില്ലറ വ്യാപാരികളില്‍ എത്തിയപ്പോള്‍ 60 രൂപയ്ക്കാണ് വില്‍പന നടത്തിയത്.
ദിവസങ്ങള്‍ക്കു മുന്‍പ് കിലോയ്ക്കു 30, 45 രൂപയുണ്ടായിരുന്ന വള്ളിപ്പയറിനും ബീന്‍സിനും ഇന്നലെ യഥാക്രമം 40, 70 രൂപയ്ക്കാണ് മൊത്ത വ്യാപാരികള്‍ വില്‍പന നടത്തിയത്.
കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് അഞ്ചുരൂപയില്‍ അധികമാണു വില വര്‍ധിച്ചത്. എന്നാല്‍ സവാളയ്ക്കും തക്കാളിക്കും മൊത്ത വിപണിയില്‍ വന്‍ വര്‍ധനയുണ്ടായില്ലെങ്കിലും ചില്ലറ വ്യാപാരികള്‍ തോന്നുംപോലെ വില ഈടാക്കുകയാണു ചെയ്യുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ചില്ലറ വ്യാപാരികള്‍ കൃത്യമായ വിലയല്ല ഈടാക്കുന്നതെന്നാണ് ആരോപണം. നേന്ത്ര, പൂവന്‍ എന്നീ പഴങ്ങള്‍ക്കും വിലകൂട്ടിയിട്ടുണ്ട്.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു പച്ചക്കറികള്‍ ശേഖരിക്കുന്നവര്‍ അവിടെ മാര്‍ക്കറ്റുകളില്‍ നിന്നു സാധനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു തോട്ടങ്ങളില്‍നിന്നു നേരിട്ടുപോയി ശേഖരിക്കുകയാണ്.
ഇതുകൊണ്ടാണ് വിലയില്‍ മാറ്റമുണ്ടായതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."