ടൈല്‍ ഫാക്ടറി മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി
ഉടുമ്പന്നൂര്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന ടൈല്‍ ഫാക്ടറിയുടെ കക്കൂസില്‍ നിന്നുള്ള മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി.
ഉടുമ്പന്നൂര്‍ വില്ലേജ് ഓഫിസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടൈല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിനോട് ചേര്‍ന്നുള്ള കക്കൂസുകളിലെ മലിന ജലമാണ് തോട്ടിലേക്ക് ഹോസ് വഴി ഒഴുക്കുന്നത്.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കിയപ്പോഴാണ് ഷെഡ്ഡില്‍ നിന്ന് മലിന ജലം തോട്ടിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ജോലിക്കിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള മലിന ജലം തോട്ടില്‍ വന്ന് പതിക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ തൊഴിലാളികള്‍ ഇത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സ്ഥലം പരിശോധിക്കാനോ ഫാക്ടറി ഉടമയോട് വിശദീകരണം ചോദിക്കാനോ പഞ്ചായത്ത് അധികൃതര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഉടുമ്പന്നൂര്‍ ടൗണിലൂടെ കടന്ന് പോകുന്ന തോട്ടിലെ വെള്ളം പള്ളിക്കാമുറി, കോട്ടക്കവല, മുളപ്പുറം പ്രദേശങ്ങളിലെ ജനങ്ങള്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്.
കാളിയാര്‍ പുഴയിലേക്കാണ് തോടെത്തിച്ചേരുന്നത്. പുഴയില്‍ നിന്നുള്ള വെള്ളമാണ് കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.
തോട്ടില്‍ നിന്ന് മലിന ജലം പുഴയിലെത്തുന്നത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമാകും. കൂടാതെ പ്രദേശങ്ങളിലെ നെല്‍കൃഷി ഉള്‍പ്പടെയുള്ള കൃഷിക്ക് ഈ തോട്ടില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
ഫാക്ടറിക്കെതിരേ പരാതി ലഭിച്ചിട്ടും ആരോഗ്യ വകുപ്പിനെ കൊണ്ട് സ്ഥലത്ത് പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തോട്ടിലെ ജലം മലിനമാക്കുന്ന ഫാക്ടറി ഉടമക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."