യു.എസ് ഭീഷണി മറികടന്ന് വീണ്ടും ഇറാന് ഉപഗ്രഹം വിക്ഷേപിച്ചു
തെഹ്റാന്: അമേരിക്കയുടെ തുടര്‍ച്ചയായ ഭീഷണികള്‍ വകവയ്ക്കാതെ ബഹിരാകാശ ഉപഗ്രഹ പദ്ധതിയുമായി ഇറാന് മുന്നോട്ട്. ഇറാന്റെ ബഹിരാകാശ പദ്ധതി ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന അമേരിക്കന്‍ ആരോപണം നിലനില്‍ക്കെയാണ് തങ്ങളുടെ രണ്ടാമത്തെ ഉപഗ്രഹവിക്ഷേപണം ഇറാന് നടത്തിയത്.
സിംനാന് പ്രവിശ്യയിലെ ഇമാം ഖുമൈനി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് റോക്കറ്റ് കുതിച്ചുയരുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പദ്ധതി വിജയിച്ചില്ലെന്ന് ഒരുവിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇതുസംബന്ധിച്ച് ഇറാന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1979ലെ ഇറാന് ഇസ്ലാമിക വിപ്ലവത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ഒരുമാസമായി രാജ്യം ആഘോഷിച്ചുവരുന്നതിനിടെയാണ് റോക്കറ്റ് വിക്ഷേപണമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ മാസം 'പയാം' എന്ന പേരില്‍ ഇറാന് റോക്കറ്റ് വിക്ഷേപിച്ചെങ്കിലും അതു ഭ്രമണപഥത്തിലെത്തിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇന്നലെ സാഫിര്‍ (അംബാസഡര്‍) എന്ന പേരിലുള്ള പുതിയ റോക്കറ്റ് വിക്ഷേപിച്ചത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോക്കറ്റാണിത്.
ഇറാന്റെ നീക്കം യു.എന്‍ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍, മിസൈലുകളുടെ ലക്ഷ്യപരിധി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാറ്റലൈറ്റ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തുകയാണു ലക്ഷ്യമെന്നുമാണ് അമേരിക്കയുടെ ആരോപണങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി. രാജ്യസുരക്ഷയ്ക്കുവേണ്ടി മിസൈലുകള്‍ വികസിപ്പിക്കുന്നതിനും കൃത്യത വര്‍ധിപ്പിക്കുന്നതിനും നിലവില്‍ വിലക്കില്ലെന്നും ഇറാന് വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."