നാവിക അക്കാദമി മാലിന്യ പ്രശ്നം തീരുമാനം പത്തു ദിവസത്തിനകം
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യപ്രശ്നത്തില്‍ കലക്ടര്‍ നേവല്‍ അധികൃതരുമായും സമരസമിതി നേതാക്കളുമായും ഇന്നലെ വൈകുന്നേരം ചര്‍ച്ച നടത്തി. ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. രാമന്തളിയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയും വികാരവും സമരസമിതിയുടെ ആവശ്യവും കണക്കിലെടുത്ത് പ്ലാന്റ് ഘട്ടം ഘട്ടമായി മാറ്റണമെന്നും പ്ലാന്റ് ഡീസെന്‍ട്രലൈസേഷന്‍ നടത്തി മാലിന്യപ്രശ്നം ലഘൂകരിക്കണമെന്നും കലക്ടര്‍ നാവിക അക്കാദമി അധികൃതര്‍ക്ക് നിര്‍ദേശം വച്ചു. ഉന്നതാധികാരികള്‍ക്ക് മുന്പില് വിഷയം അവതരിപ്പിച്ച് പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് നേവല്‍ പ്രതിനിധി അറിയിച്ചു.
മലീനകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കാനും കലക്ടര്‍ നേവല്‍ അധികൃര്‍ക്ക് നിര്‍ദേശം നല്കി.
ചര്‍ച്ചയില്‍ നേവല്‍ അക്കാദമിയെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടിവ് ഓഫിസര്‍ ഇര്ഫാന് ഷെയ്ക്ക്, സി കൃഷ്ണന് എം.എല്‍.എയെ പ്രതിനിധീകരിച്ച് ടി.ഐ മധുസൂദനന്, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്, വൈസ് പ്രസിഡന്റ് എ വത്സല, ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി രാജേന്ദ്രകുമാര്‍, പി.കെ നാരായണന്, വിനോദ് കുമാര്‍ രാമന്തളി, കെ.പി ഹരീഷ്, സുനില്‍ രാമന്തളി, പി അനില്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ഒ.കെ ശശി, ലീഗ് നേതാവ് പി.എം ലത്തീഫ്, ടി.പി അനൂപ്, പഞ്ചായത്തംഗം ടി.കെ പ്രീത പങ്കെടുത്തു. സമരസമിതിക്ക് അധികൃതരില്‍ നിന്ന് വ്യക്തമായ ഉറപ്പു ലഭിക്കുന്നതുവരെ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി രാജേന്ദ്രകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."