ചൂട് കൂടുന്നു 'സൂക്ഷിക്കണം വിഷപ്പാമ്പുകളെ'
ചക്കരക്കല്‍: ചൂട് കൂടുമ്പോള്‍ വിഷപാമ്പുകള്‍ കാടു വിട്ട് വീടുകളിലേക്കെത്തുന്നത് വര്‍ധിക്കുന്നു. കനത്ത ചൂടും വനനശീകരണവും കാരണം മാളങ്ങളില്‍ നിന്നു പുറത്തേക്കിറങ്ങുന്ന വിഷപാമ്പുകള്‍ വീടുകളുടെ മുറിക്കുളളില്‍ നിന്നും കിണറുകളില്‍ നിന്നുമായി അടുത്ത കാലത്ത് പിടികൂടിയിട്ടുണ്ടെന്ന് വനംവകുപ്പ് റസ്‌ക്യൂ ജീവനക്കാരനായ നിധീഷ് ചാലോട് പറഞ്ഞു.
മൂര്‍ഖന്‍ പാമ്പുകളെയാണ് കൂടുതലായി കണ്ടു വരുന്നത്. വിറകു പുരയില്‍ നിന്നും പാമ്പു കടിയേറ്റ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എലികളെ തേടി പാമ്പുകള്‍ വിറകനിടയില്‍ എത്തുന്നതിനാല്‍ വിറക് വാരിവലിച്ചിടാതെ അട്ടിയിടുകയും ചകിരിയും ചിരട്ടയും ചാക്കില്‍കെട്ടിവെക്കുകയും ചെയ്യണം. കിണറുകളില്‍ കയര്‍ താഴ്ത്തിയിടുന്നതും അപകടകരമാണ്. കിണറില്‍ നിന്നു വെള്ളമെടുക്കുമ്പോഴാണ് കയറില്‍ ചുറ്റിവരിഞ്ഞു നില്‍ക്കുന്ന പാമ്പുകളുടെ കടിയേല്‍ക്കാനുള്ള സാധ്യത കൂടുന്നത്. വീടിന്റെയോ മതിലിന്റെയോ അരികില്‍ കൂടിയാണ് പാമ്പുകള്‍ കൂടുതലായി സഞ്ചരിക്കുന്നത്. അതിനാല്‍ വീടിന് ചുരുങ്ങിയത് അരമീറ്റര്‍ വിട്ടശേഷം മാത്രമെ ചെടിച്ചട്ടി, ചാക്കുകെട്ടുകള്‍ എന്നിവ വെക്കാന്‍ പാടുള്ളൂ.വീടിന് സ്പര്‍ശിക്കുന്ന സമീപത്തെ മരത്തിന്റെ ശാഖകളും വെട്ടിമാറ്റണം. അടുക്കളവാതില്‍ വഴി പാമ്പുകള്‍ അകത്തേക്ക് കയറുന്നതിനാല്‍ ആവശ്യം കഴിഞ്ഞാല്‍ അടുക്കള വാതില്‍ അടച്ചിടണം. പാമ്പിനെതിരെ മണ്ണെണ്ണ പ്രയോഗിക്കുന്നത് ശരിയെല്ലന്നും നിധീഷ് പറയുന്നു. ഇങ്ങനെ ചെയ്താല്‍ ഖ്രാണശക്തി നഷ്ടപ്പെടുന്ന പാമ്പുകള്‍ കൂടുതല്‍ അക്രമാസക്തി കാണിക്കും. മൂര്‍ഖന്‍ പാമ്പുകള്‍ പകലും രാത്രിയും സഞ്ചരിക്കുന്നതിനാല്‍ രാത്രി വെളിച്ചമില്ലാതെ സഞ്ചരിക്കരുത്. പാമ്പിന്റെ കടിയേറ്റാല്‍ അടുത്തു നില്‍ക്കുന്നവരുടെ വെപ്രാളം കടിയേറ്റ വ്യക്തിയെ ഏറ്റവും ദോഷകരമായി ബാധിക്കും. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വേഗത്തില്‍ ആശുപത്രിയിലെത്തിക്കണം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത് ഒഴിവാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."