വൈക്കോല്‍ വില കുതിച്ചുയരുന്നു; ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട്: വൈക്കോലിന് വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കുന്നു. ഒരു ഏക്കര്‍ നിലത്തിലെ വൈക്കോലിന് 4000 മുതല്‍ 4500 രൂപ വരെയാണ് വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1500 രൂപ കൂടുതലാണ്. 25 കിലോ തൂക്കം വരുന്ന കെട്ടുകളാക്കിയാണ് വില്പന.
ഒരു കെട്ട് വൈക്കോല്‍ വീട്ടിലെത്തണമെങ്കില്‍ ക്ഷീരകര്ഷകന് 200 രൂപയോളം ചെലവ് വരുന്നുണ്ട്. പാലക്കാടന്‍ കന്ന് വൈക്കോല്‍ നിലവില്‍ കിട്ടാത്തതിനാല്‍ കോള്‍പടവുകളിലെ വൈക്കോലാണ് ക്ഷീര കര്‍ഷകര്‍ ആശ്രയിക്കുന്നത്. വൈക്കോലിന് വില കുതിച്ചുയര്‍ന്നെങ്കിലും ഇതിന്റെ ലാഭം കോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇടനിലക്കാരാണ് ലാഭം മുഴുവന്‍ കൊണ്ടു പോകുന്നത്.
കോള്‍പടവുകളില്‍ കൊയ്ത്ത് ആരംഭിച്ചതോടെ ക്ഷീരകര്‍ഷകരെ ചൂഷണം ചെയ്യുന്നതിനായി വൈക്കോല്‍ ഏജന്റുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. വൈക്കോല്‍ ക്ഷാമം രൂക്ഷമായതിനാല്‍ വില കൂടിയാലും ക്ഷീരകര്‍ഷകര്‍ വൈക്കോല്‍ വാങ്ങുമെന്ന് ഏജന്റുമാര്ക്കറിയാം. ഇതു മുതലെടുത്താണ് ഇവര്‍ ക്ഷീരകര്‍ഷകരെ പിഴിയുന്നത്. പാടശേഖര കമ്മിറ്റികള്‍ക്കും കൊയ്ത്ത് നടത്തുന്ന കരാറുകാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. കൊയ്ത്ത് സീസണില്‍ വൈക്കോല്‍ വില്പന നടത്തി പതിനായിരങ്ങള്‍ സമ്പാദിക്കുന്ന നിരവധി പേരുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ക്ഷീരകര്‍ഷകരെയും കോള്‍ കര്‍ഷകരെയും ചൂഷണം ചെയ്ത് വന്‍ ലാഭം കൊയ്യുന്ന ഇടനിലക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."