തിരിച്ചറിയല്‍ കാര്‍ഡിന്റെ അവകാശികളായി ഇനി ഇവരും
കോഴിക്കോട്: ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പു മുഖേനയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സിസിലി ജോര്‍ജിനു നല്‍കിക്കൊണ്ടാണ് കലക്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാതല സ്‌ക്രീനിങ് കമ്മിറ്റി മുന്‍പാകെ ഹാജരായ 27 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ഈ വിഭാഗക്കാര്‍ മുഴുവന്‍ അപേക്ഷിക്കുന്ന മുറയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്താന്‍ നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളായ സ്വയംതൊഴില്‍ ധനസഹായ പദ്ധതി, ഐഡി കാര്‍ഡ് വിതരണം, ഡ്രൈവിങ് പരിശീലനം, തുടര്‍വിദ്യാഭ്യാസ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സേവനപദ്ധതികള്‍ ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളോളമുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായിരിക്കുന്നത്. നാട്ടുകാരും വീട്ടുകാരും ഉപേക്ഷിക്കപ്പെട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ എന്തെങ്കിലും ജോലി ചെയ്യാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിന്റെ പ്രയാസം നേരിടേണ്ടി വരാറുണ്ടെന്നും അതിനു പരിഹാരമായതില്‍ ഏറെ സന്തോഷമുണ്ടെന്നും തിരിച്ചറിയല്‍ കാര്‍ഡ് സ്വീകരിച്ച ശേഷം സിസിലി ജോര്‍ജ് പറഞ്ഞു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് പരമേശ്വരന്‍, ജൂനിയര്‍ സൂപ്രണ്ട് ടി.ടി സുനില്‍കുമാര്‍, ഹെഡ് അക്കൗണ്ടന്റ് എം.ടി ഹവ്വ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."