വയോമിത്രം ഗുണഭോക്താക്കള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വീട്ടിലെത്തിക്കും
തിരുവനന്തപുരം: കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സേവനങ്ങളില്‍ കരുതലുമായി സാമൂഹ്യനീതി, വനിതാ -ശിശുവികസന വകുപ്പുകള്‍. വയോമിത്രം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജനങ്ങള്‍ക്ക് മരുന്നുകളും മറ്റും കൃത്യമായി വീട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സാമൂഹ്യ സുരക്ഷാ മിഷനും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടോയെന്നും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ വിവിധ ഹോമുകളില്‍ താമസിക്കുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദേശിക്കുകയും അവര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ അഡ്മിഷന്‍ നടത്തില്ല. അത്യാവശ്യമായി അഡ്മിഷന്‍ നടത്തേണ്ടതുണ്ടെങ്കില്‍ അവരെ നിരീക്ഷണത്തില്‍ ആക്കിയ ശേഷമായിരിക്കും ഹോമിലേക്ക് മാറ്റുന്നത്.
ഭിന്നശേഷിക്കാര്‍ താമസിക്കുന്ന സ്ഥാപനങ്ങളിലും ഈ നിയന്ത്രണമുണ്ടാകും. ബഡ്‌സ് സ്‌കൂളുകളും സ്‌പെഷല്‍ സ്‌കൂളുകളും അവധിയായതിനാല്‍ ഇംഹാന്‍സിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ വഴിയോ കുട്ടികള്‍ക്കുള്ള പരിചരണങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. മാനസികാരോഗ്യം, കേള്‍വി, കാഴ്ച എന്നിവയില്‍ പരിമിതിയുള്ളവര്‍ക്കും പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പ്രത്യേക താമസ സ്ഥലം ഒരുക്കുന്നതിനും ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിനും വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ്-19 ബോധവല്‍ക്കരണത്തിനും വിവരശേഖരണത്തിനും 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പേരില്‍ കാംപയിനും സംഘടിപ്പിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ് സേവനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നുണ്ട്. ഏതെങ്കിലും പഞ്ചായത്തില്‍ ഈ പ്രവര്‍ത്തനത്തിന് തടസമുണ്ടാകുന്നു എങ്കില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് സൂപ്പര്‍വൈസര്‍മാരും സി.ഡി.പി.ഒമാരും നേതൃത്വം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അത്യാവശ്യമുള്ള സി.ഡബ്ല്യു.സി കേസുകള്‍ മാത്രം സാമൂഹിക അകലം പാലിച്ച് നടത്തും. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പൊലിസുകാരുടെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കും. ഇതിന് കൗണ്‍സിലര്‍മാരുടേയും സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."