സഊദിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒരു രക്ഷിതാവിന്റെ എല്ലാ മക്കള്‍ക്കും ഏകീകൃത ഫീസിനു നീക്കം
ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒരു രക്ഷിതാവിന്റെ എല്ലാ മക്കള്‍ക്കും ഏകീകൃത ഫീസ് നടപ്പിലാക്കാന്‍ നീക്കം.
ഇതിന്റെ ആദ്യപടിയായി ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഏകീകൃത ഫീസ് നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ മാസം മുതല്‍ പുതിയ ഫീസ് നടപ്പിലാക്കുമെന്ന് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ വഴി രക്ഷിതാക്കളെ അറിയിച്ചത്. അതേസമയം തീരുമാനം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും പരാതി ഇതിനിടെ തന്നെ ഉയര്‍ന്നു. ഇന്ത്യന്‍ എംബസിയില്‍നിന്ന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു.
ദമ്മാമിലെ പ്രതിമാസ ട്യൂഷന്‍ ഫീസ് കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കും ഏകീകൃതമാക്കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ മുഹമ്മദ് ഷാഫിയാണ് ഉത്തരവിറക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. ഇതോടെ, എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളുടെയും ഫീസ് 240 റിയാലാവും.
നിലവില്‍ ഒരേ കുടുംബത്തിലെ രണ്ടാമത്തെയും, മൂന്നാമത്തെയും കുട്ടികള്‍ക് 215, 165 റിയാലാണ് ഫീസ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇത് ഏകീകരിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്തിരുന്നു.
എംബസിയുടെയും ഹയര്‍ ബോര്‍ഡിന്റെയും നിര്‍ദേശ പ്രകാരമാണ് ഫീസ് ഏകീകരണ സര്‍ക്കുലര്‍ അയച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ചില രക്ഷിതാക്കള്‍ക് ഇതൊരു ഭാരമാവും എന്നതിനാല്‍, അവര്‍ ഫീസ് ഇളവിന് അപേക്ഷിക്കാവുന്നതാണ്.
കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കളെ ഇത് എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നതും ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി രക്ഷിതാക്കള്‍ ഇതിനിടെ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."