ആന്തൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം: വഴിയോരക്കച്ചവടങ്ങള്‍ ഒഴിവാക്കും
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലെ വഴിയോരക്കച്ചവടങ്ങള്‍ ഒഴിവാക്കാനും പിഴപ്പലിശ ഒഴിവാക്കി നല്‍കണമെന്ന നിഫ്റ്റ് അധികൃതരുടെ ആവശ്യം പിന്നീട് പരിഗണിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
ആദ്യഘട്ടമായി രൂപീകരിക്കുന്ന നഗര കച്ചവട സമിതിയുടെ രൂപരേഖക്ക് യോഗം അംഗീകാരം നല്‍കി. വസ്തുനികുതി കുടിശികയില്‍ പിഴപ്പലിശ ഒഴിവാക്കണമെന്ന നിഫ്റ്റിന്റെ അപേക്ഷ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. 2016 ഓഗസ്റ്റില്‍ വസ്തുനികുതി കുടിശിക പിഴപ്പലിശയടക്കം നിഫ്റ്റ് 11 ലക്ഷം രൂപ അടച്ചിരുന്നു.
ഇതിനു പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വസ്തുനികുതിക്ക് പിഴപ്പലിശ അടക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ നഗരസഭയെ സമീപിച്ചത്.
നിഫ്റ്റ് സര്‍ക്കാര്‍ പിഴപ്പലിശയൊഴിവാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടില്ലെന്ന വാദം യോഗത്തില്‍ ഉയര്‍ന്നു.
ആവശ്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവയ്ക്കുകയായിരുന്നു. നഗരസഭാധ്യക്ഷ പി.കെ ശ്യാമള അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ കെ ഷാജു, കൗണ്‍സലര്‍മാരായ പി.കെ മുജീബ് റഹ്മാന്‍, വി പുരുഷോത്തമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."