വ്യാജ മദ്യദുരന്തം: യു.പിയിലും ഉത്തരാഖണ്ഡിലും മരണം 72 ആയി
ലഖ്നൗ: ഉത്തര്‍പ്രദേശിലും അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലും വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് ഇത്രയും പേര് മരിച്ചത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയില്‍ മാത്രം 36 പേരാണ് മരിച്ചത്. കിഴക്കന്‍ യു.പിയിലെ കുശിനഗറില്‍ എട്ടുപേരും ഉത്തരാഖണ്ഡില്‍ 28 പേരുമാണ് മരിച്ചത്.
മദ്യം കഴിച്ച് അവശനിലയിലായ 24 പേര് ഇപ്പോഴും ആശുപത്രിയിലാണ്. എന്നാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.
കുശിനഗറിലും സഹാരന്‍പൂരിലും അമാവാസി ദിനത്തില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തവരാണ് വ്യാജമദ്യം കഴിച്ചത്. ഉത്തരാഖണ്ഡില്‍നിന്നാണ് യു.പിയിലേക്ക് മദ്യം കൊണ്ടുവന്നത്. എന്നാല്‍ ബിഹാറില്‍ നിര്‍മിച്ച മദ്യം ഗ്രാമീണര്‍ അനധികൃതമായാണ് ഉത്തരാഖണ്ഡിലേക്ക് എത്തിച്ചിരുന്നതെന്നാണ് വിവരം.
മദ്യം എത്തിച്ചവരേയും നിര്‍മാതാക്കളേയും ഉടന്‍ പിടികൂടണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെയ്ഡ് തുടങ്ങിയിട്ടുണ്ട്. റെയ്ഡില്‍ വ്യാജമദ്യം പിടികൂടിയിട്ടുണ്ട്. ഇതിനിടയില്‍ കുശിനഗര്‍ ജില്ലാ എക്സൈസ് ഓഫിസര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."