സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: ടി. നസ്‌റുദ്ദീന്‍
കോഴിക്കോട്: സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അവശ്യ സാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകുമ്പോള്‍ വിപണിയെ നിയന്ത്രിക്കാനുള്ള ചുമതല സര്‍ക്കാരിനും സിവില്‍ സപ്ലൈസ് വകുപ്പിനുമുണ്ടെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ പറഞ്ഞു.
സിമന്റിന്റെ അനിയന്ത്രിതമായ വിലക്കയറ്റം ചെറുകിട വ്യാപാരികളെയും നിര്‍മാണ രംഗത്തുള്ളവരെയും ഒരുപോലെ പ്രതീകൂലമായി ബാധിച്ചിട്ടുണ്ട്. നിര്‍മാതാക്കളും വന്‍കിട വിതരണക്കാരും ഏകപക്ഷീയമായി വില വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാജ്യത്ത് ജി.എസ്.ടി ഏര്‍പ്പെടുത്തി ഒരേ നികുതി സമ്പ്രദായം നിലവില്‍ വന്നിട്ടും കര്‍ണാടകയിലും, തമിഴ്‌നാട്ടിലും 300, 350 രൂപയ്ക്ക് വില്‍ക്കുന്ന സിമന്റ് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ 400, 450 രൂപയ്ക്കാണ് വില്‍ക്കേണ്ടി വരുന്നതെന്നും നിര്‍മാണ കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍, സി.ജെ ടെന്നിസണ്‍, കെ.പി അബ്ദുല്‍ റസാഖ് പങ്കെടുത്തു.
സിമന്റ് വില വര്‍ധന: കോമ്പറ്റീഷന്‍ കമ്മിഷനെ സമീപിച്ച് നിയന്ത്രണമേര്‍പ്പെടുത്തണം
കോഴിക്കോട്: കേരളത്തിലെ സിമന്റ് വിലയിലെ വര്‍ധന തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി വ്യവസായ മന്ത്രി ഇ.പി ജയരാജന് കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിമന്റ് വിലയില്‍ ഏതാണ്ട് 50 മുതല്‍ 70 രൂപ വരെയാണ് വര്‍ധന വന്നിരിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് കോമ്പറ്റീഷന്‍ കമ്മിഷനെ സമീപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലെ സിമന്റ് വിലയുടെ 15 മുതല്‍ 20 ശതമാനം വരെയുള്ള വര്‍ധനവാണ് സംസ്ഥാനത്തുള്ളത്.
ഒരു മാസം ശരാശരി എട്ടു മുതല്‍ ഒന്‍പത് ലക്ഷം ടണ്‍ വരെ സിമന്റ് വില്‍ക്കപ്പെടുന്ന കേരളത്തില്‍ കമ്പനികള്‍ 1200 കോടി രൂപയോളം അധികലാഭം കൊയ്യുകയാണ്. സിമന്റ് വില വര്‍ധനവിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതി ലാഭം വര്‍ഷത്തില്‍ 276 കോടി രൂപ മാത്രമാണെങ്കില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമായി ചെലവഴിക്കുന്നത് 360 കോടി രൂപയാണെന്നും ബാക്കി 900 കോടി രൂപയോളം സിമന്റ് കമ്പനികള്‍ കൊള്ളയടിച്ച് കൊണ്ടു പോവുകയാണെന്നും എം.പി കത്തില്‍ സൂചിപ്പിച്ചു. മലബാര്‍ സിമന്റ്‌സിന്റെ നിലവിലെ നാല് ശതമാനം മാത്രമുള്ള ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും, സിമന്റിന് വിലനിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതിനും, കോമ്പറ്റീഷന്‍ കമ്മിഷനെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."