തൊഴില്‍ തട്ടിപ്പിനിരയായ മലയാളി യുവതിയെ നാട്ടിലെത്തിച്ചു
നിസാര്‍ കലയത്ത്#
ജിദ്ദ: സഊദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി യുവതിയെ നാട്ടിലെത്തിച്ചു. പത്തനാപുരം സ്വദേശി ഖദീജയെ ആണ് എംബസിയുടെയും നോര്‍ക്കയുടെയും ഇടപെടലില്‍ തിരികെ നാട്ടിലെത്തിച്ചത്. പത്തനാപുരം വിളക്കുടി സ്വദേശിയായ യുവതി അഞ്ചുമാസം മുന്‍പാണ് തബൂക്കില്‍ വീട്ടുജോലിക്കായി എത്തിയത്.
സഊദിയിലുള്ള മലയാളി കുടുംബത്തിലാണ് ജോലിയെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരത്തുള്ള ട്രാവല്‍ ഏജന്റ് 50,000 രൂപ വാങ്ങിച്ച് ഖദീജയെ സഊദിയില്‍ എത്തിച്ചത്. എന്നാല്‍ സ്വദേശിയുടെ വീട്ടിലായിരുന്നു ഖദീജയ്ക്ക് ജോലി നല്‍കിയത്. മാത്രമല്ല 25,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക ശമ്പളം ലഭിക്കുമെന്ന് പറഞ്ഞാണ് കൊണ്ടുവന്നതെങ്കിലും ആദ്യ രണ്ടുമാസം തുച്ഛമായ തുകയാണ് ശമ്പളമായി ലഭിച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഠിനമായ ജോലിയും ശാരീരിക പീഡനവും ഏല്‍ക്കേണ്ടി വന്നു. ശമ്പളവും ലഭിച്ചില്ല.
തുടര്‍ന്ന് സ്വദേശിയുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് ഇവര്‍ പൊലിസില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നാണ് എംബസിയും നോര്‍ക്ക റൂട്ട്‌സും ഇടപെട്ട് ഖദീജയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."