കാതോര്‍ക്കാം... ഇവരുടെ വാട്‌സ്ആപ്പ് റേഡിയോയ്ക്കായി
ആറായിരം ശ്രോതാക്കളുമായി കണ്ണൂര്‍ സര്‍വകലാശാലയിലെ
ജേര്‍ണലിസം വിദ്യാര്‍ഥികളുടെ വാട്‌സാപ് റേഡിയോ
കണ്ണൂര്‍സിറ്റി: എന്തിനും ഏതിനും വാട്‌സ്ആപ്പ് ഉള്ള കാലത്ത് അതു വിജ്ഞാനപ്രദമായി ഉപയോഗിക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കുള്ള അറിവിടം, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന 'അക്ഷര വിചാരം', സ്‌പെഷല്‍ പ്രോഗ്രാമുകള്‍, ബിസിനസ് വോയ്‌സ്, ട്രാവലേഴ്‌സ് ഡയറി, സിനിമകളെ പരിചയപ്പെടുത്തുന്ന 'തിരനോട്ടം', ഇംഗ്ലിഷിലുള്ള റീക്യാപ് ഓഫ് ലാസ്റ്റ് വീക്ക് ന്യൂസ് എന്നിങ്ങനെ പോകുന്നു വിദ്യാര്‍ഥികളുടെ ആശയങ്ങള്‍. ഇതിനകം ആറായിരത്തോളം ശ്രോതാക്കളാണ് റേഡിയോ ഗ്രൂപ്പില്‍ അംഗമായിട്ടുള്ളത്.
അധ്യാപകര്‍, എഴുത്തുകാര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വലിയൊരു വിഭാഗം വാട്‌സ് ആപ് റേഡിയോയുടെ സ്ഥിരം ശ്രോതാക്കളായിട്ടുണ്ട്. രണ്ടും മൂന്നും മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഓഡിയോകളാണ് മിക്ക പരിപാടികളും. എഡിറ്റ് ചെയ്ത ഓഡിയോകള്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനൊപ്പമാണ് ഗ്രൂപ്പുകളിലെത്തുക. ആള്‍ ഇന്ത്യ റേഡിയോയിലെ വാര്‍ത്തകള്‍ വാട്‌സ്ആപ് വഴി റെക്കോര്‍ഡ് ചെയ്ത് പ്രചരിക്കുന്നതറിഞ്ഞ ജേര്‍ണലിസം വിഭാഗം അധ്യാപകനാണ് വിദ്യാര്‍ഥികളോട് പുതിയ ആശയം പറഞ്ഞുകൊടുത്തത്. വാര്‍ത്താകേന്ദ്രീകൃത റേഡിയോയില്‍ നിന്നും ഫീച്ചറിസ്റ്റിക് സ്വഭാവമുള്ള ഒരു വാട്‌സ്ആപ്പ് റേഡിയോയ്ക്കാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രാമുഖ്യം നല്‍കിയത്. ക്യാംപസിലെ ഒന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥികളായ 24 പേര്‍ ചേര്‍ന്നാണ് ക്യാംപസിന്റെ സ്വന്തം റേഡിയോ തയാറാക്കിയത്. സൗണ്ട് റെക്കോഡിങിനായി പ്രത്യേക സംവിധാനവും എഡിറ്റിങിനുള്ള സംവിധാനവും കോളജില്‍ ഒരുക്കിയിട്ടുണ്ട്. ഏഴുദിവസത്തെ പരിപാടികള്‍ തയാറാക്കാനായി ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം. ഓരോ ഗ്രൂപ്പും തങ്ങളുടെ പ്രോഗ്രാമുകള്‍ റെക്കോഡ് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്യും. അടിയന്തിര സാഹചര്യങ്ങളില്‍ പോലും റേഡിയോയുടെ പ്രവര്‍ത്തനം നിലയ്ക്കാറില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."