കക്കൂസ് മാലിന്യം ദേശീയപാതയോരത്തേക്ക് തുറന്നു വിടുന്നതായി പരാതി
തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയ പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തേക്ക് കക്കൂസ് മാലിന്യം തുറന്നു വിടുന്നതിനെതിരായി ജനരോഷം ശക്തമായി. തളിപ്പറമ്പ് ബസ്റ്റാന്‍ഡിനു സമീപത്തെ സ്ഥാപനത്തില്‍ നിന്നുള്ള മലിനജലം ദേശിയ പാതയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
നിരവധി തവണ പരാതി നല്‍കിയിട്ടും നഗരസഭ അധികാരികളുടെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്. തിങ്കളാഴ്ച്ച രാത്രി 9 മണി മുതല്‍ ശക്തിയോടെ ഒഴുക്കിവിട്ട മലിനജലം ചൊവ്വാഴ്ച്ച രാവിലെയും റോഡിലേക്ക് ഒഴുകി കൊണ്ടിരിക്കുകയായിരുന്നു.
രാവിലെ വികലാംഗര്‍ ഉള്‍പ്പെടെയുളളവര്‍ കക്കൂസ് മാലിന്യത്തില്‍ വീഴാതെ നടന്നുപോകാന്‍ പ്രയാസപ്പെടുന്നത് ദയനീയ കാഴ്ച്ചയായിരുന്നു. കക്കൂസ് മാലിന്യം റോഡില്‍ പരന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ദുര്‍ഗന്ധം കാരണം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മലിനജലം ദേഹത്ത് തെറിച്ച പലര്‍ക്കും ചൊറിച്ചല് അനുഭവപ്പെട്ടതായും പരാതിയുണ്ട്.
സ്റ്റോപ്പിനടുത്തായി ബസിറങ്ങുന്നവര്‍ക്ക് മലിനജലം ചവിട്ടാതെ കാല് നടയാത്ര ചെയ്യാന്‍ കഴിയില്ല. ഓടയിലേക്ക് ഒഴുക്കിവിടുന്ന പൈപ്പ് പൊട്ടിയാണ് കക്കുസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ നഗരസഭ തയാറാകണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."