മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സിറങ്ങുന്നത് ഇംഗ്ലീഷ് തന്ത്രവുമായി
ആലപ്പുഴ: ഐ.എസ്.എല്‍ ഫുട്‌ബോള്‍ മൂന്നാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ഇംഗ്ലീഷുകാരന്‍ തന്നെ പരിശീലിപ്പിക്കും. ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരം സ്റ്റീവ് കൊപ്പലാണ് കേരള ബ്ലാസ്റ്റേഴ്‌സിനു തന്ത്രമോതാനെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകനായ സ്റ്റീവ് കൊപ്പല്‍ കൊമ്പന്‍മാരെ പരിശീലിപ്പിക്കുമെന്ന് ടീം ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു. കൊപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ആദ്യ സീസണില്‍ മാര്‍ക്വി താരവും മുഖ്യ പരിശീലകനുമായിരുന്ന ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ ടീം മിന്നുന്ന പ്രകടനം കാഴ്ചവെച്ച് റണ്ണറപ്പായിരുന്നു. എന്നാല്‍, രണ്ടാം സീസണില്‍ ടീം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷ് പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലറെ പാതിവഴിയില്‍ പുറത്താക്കി.
ഇടക്കാല പരിശീലകനായി ഇംഗ്ലീഷുകാരന്‍ ട്രെവര്‍ മോര്‍ഗന്‍ ചുമതലയേറ്റു. പിന്നീട് അയര്‍ലന്‍ഡ് മുന്‍ ദേശീയ താരം ടെറി ഫെലാന്‍ മുഖ്യപരിശീലകനായി എത്തിയിട്ടും ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടില്ല. മൂന്നാം സീസണില്‍ പുതിയ ഉടമകളും പുതിയ താരങ്ങളുമായി ടീം അടിമുടി ഉടച്ചുവാര്‍ത്ത് മികവിലേക്ക് തിരിച്ചെത്താനുള്ള ശ്രമമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. സ്റ്റീവ് കൊപ്പലിന് മുന്‍പായി ലെവാന്റെയുടെ പരിശീലകന്‍ യുവാന്‍ ഇഗ്‌നാഷ്യോ മാര്‍ട്ടിനെസിനെയും ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിനെയും ടീം ഉടമകള്‍ പരിഗണിച്ചിരുന്നു. ചുമത ഏറ്റെടുക്കാന്‍ ഇരുവരും തയാറാവാതെ വന്നതോടെയാണ് സ്റ്റീവ് കൊപ്പലിന് നറുക്കു വീണത്. അടുത്ത വാരം കൊപ്പല്‍ ഇന്ത്യയില്‍ എത്തും.
വേഗതയും അപ്രതീക്ഷിത നീക്കങ്ങളുമായി ഇംഗ്ലിഷ് ടീമിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും വലതു വിങ്ങില്‍ നിറഞ്ഞു കളിച്ചിരുന്ന താരമായിരുന്നു സ്റ്റീവ് കൊപ്പല്‍. മികച്ച മാനേജര്‍ എന്ന നിലയിലും കൊപ്പല്‍ പേരെടുത്തിട്ടുണ്ട്. 30 കൊല്ലത്തെ പരിശീലന പാരമ്പ്യരത്തിന്റെ മഹിമയുമായാണ് കൊപ്പല്‍ ഇന്ത്യയിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, റീഡിങ്, ബ്രിസ്റ്റോള്‍ സിറ്റി, പോര്‍ട്‌സ്മൗത്ത് എന്നിവയുടെ പരിശീലകനായിരുന്നു. 60 വയസുകാരനായ സ്റ്റീവ് കൊപ്പല്‍ 1984 മുതല്‍ പരിശീലകനായി പുല്‍മൈതാനങ്ങളിലുണ്ട്. നിലവില്‍ ഒരു ടീമിന്റെയും പരിശീലകനല്ല. ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ വേഗത്തിലാവാന്‍ ഇതും സഹായിച്ചു. പോര്‍ട്‌സ്മൗത്തിന്റെ ഫുട്‌ബോള്‍ ഡയറക്ടറായാണു 2013-14 സീസണില്‍ കൊപ്പല്‍ പ്രവര്‍ത്തിച്ചത്.
322 തവണയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കൊപ്പല്‍ ബൂട്ടണിഞ്ഞത്. 53 ഗോളുകളും അദ്ദേഹം നേടി. ഇംഗ്ലണ്ട് ദേശീയ ടീമിനായി 42 പോരാട്ടങ്ങളില്‍ കളത്തിലിറങ്ങിയ കൊപ്പലിന്റെ ഗോള്‍ സമ്പാദ്യം ഏഴാണ്. കാലിനേറ്റ പരുക്കാണ് സ്റ്റീവ് കൊപ്പലിന്റെ കളി ജീവിതം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."