കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനി ക്രൂരമായ റാഗിങിനിരയായി
ബംഗളുരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനി ക്രൂരമായ റാഗിങിനിരയായി. ബംഗളുരുവില്‍ എടപ്പാള്‍ സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയെയാണ് മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങിനിരയാക്കിയത്. വിദ്യാര്‍ഥിനിയെ നിര്‍ബന്ധപൂര്‍വം ക്ലീനിങ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു . അന്നനാളത്തിന് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശുചിമുറി വൃത്തിയാക്കുന്ന ലോഷന്‍ കുടിപ്പിച്ചതാണെന്നും പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണെന്നും ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കുട്ടിക്ക് നല്‍കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മെയ് 9നാണ് പെണ്‍കുട്ടി ക്രൂരമായ റാഗിങിന് ഇരയായത്. ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. തൃശൂരിലും എടപ്പാളിലും ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും നില മെച്ചപ്പെടാത്തതിനെതുടര്ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെയെത്തിയ ശേഷമാണ് സംഭവം പുറത്തായത്.
കഴുത്തില്‍ ദ്വാരമിട്ട് അതിലൂടെയാണ് ഇപ്പോള്‍ കുട്ടിക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കുന്നത്. അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണ് ബംഗളുരുവിലെ ഗുല്‍ബര്‍ഗിലുള്ള നഴ്സിങ് കോളെജില്‍ നിര്‍ധന ദലിത് കുടുംബാംഗമായ പെണ്‍കുട്ടി പഠിക്കാന്‍ എത്തിയത്. അന്നുമുതല്‍ പെണ്‍കുട്ടിയെ വിവിധ തരത്തില്‍ പീഡിപ്പിക്കാറുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."