അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് വേണ്ടത്ര സുതാര്യതയില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍
പാലക്കാട്: അട്ടപ്പാടിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പല പദ്ധതികള്‍ക്കും ഫണ്ട് വിനിയോഗത്തിലും പ്രവര്‍ത്തനത്തിലും വേണ്ടത്ര സുതാര്യതയില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തിനായി എത്തിയ തോമസ് ജേക്കബ് വിവിധ പദ്ധതികളെ കുറിച്ച് പരിശോധന നടത്തി. രണ്ടുദിവസത്തെ അട്ടപ്പാടി സന്ദര്‍ശനത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷലിറ്റി ആശുപത്രി, അഗളി ഐ.ടി.സി.പി ഓഫിസ്, ഭൂതവഴി, സാമ്പാര്‍ക്കോട്, ദാസനൂര്‍ ഊരുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കുടിവെള്ള വിതരണ പ്ലാന്റുകള്‍ അടിയന്തിരമായ കുറ്റമറ്റതാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ഭവന നിര്‍മ്മാണ പദ്ധതിയിലെ ഫണ്ട് ലഭ്യത യഥാസമയങ്ങളില്‍ ലഭിക്കാത്തതും കരാറുകാരുടെ ഇടപെടലുകളില്‍ പ്രവര്‍ത്തനം അനിശ്ചിതാവസ്ഥയിലായിരിക്കുന്നതും ഊരുകാര്‍ പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിച്ചു.
അട്ടപ്പാടി മുക്കാലിയിലെ പഴയ എം.ആര്‍.എസ് സ്‌കൂള്‍ കെട്ടിടം മാനസികാരോഗ്യ പരിപാലന കേന്ദ്രമാക്കുന്നതിനുള്ള ശ്രമം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഫണ്ട് വിനിയോഗത്തില്‍ മതിയായ പരിശോധനകള്‍ ഇല്ലെന്ന് കണ്ടെത്തി. ഊരുസമിതികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂതവഴി ഊരിലെ മൂപ്പന്‍ കുട്ടിയണ്ണനോടൊപ്പം ഊര് പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. തായ്ക്കുല സംഘം ഭാരവാഹികളായ മരുതി, ഭഗവതി എന്നിവരും വിജിലന്‍സ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."