ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ഫറോവയുടെ പ്രതിമ കണ്ടെടുത്തു
റിയാദ്: ഈജിപ്തില്‍ പുരാവസ്തു സംഘം നടത്തിയ ഗവേഷണത്തിനിടെ പുരാതന കാലത്തെ പ്രതിമയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. മതായ ജില്ലയിലെ പുരാതന നഗരത്തോട് ചേര്‍ന്ന് ചതുപ്പു പ്രദേശത്തു നിന്നാണ് ബി.സി 1314 മുതല്‍ 1200 വരെ രാജാവായിരുന്ന ഫറോവയായ രാംസെസ് രണ്ടാമന്റേതെന്നു കരുതുന്ന പ്രതിമ കണ്ടെടുത്തത്. ബി സി പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ ഭരിച്ചിരുന്ന ഇദ്ദേഹത്തിന്റെ കൊച്ചുമകനായ ഫറോവ സെത്തി രണ്ടാമന്റെ പ്രതിമയുടെ ഭാഗവും ഇതിനടുത്തുനിന്നും കിട്ടിയിട്ടുണ്ട്.
ഈജിപ്ത്, ജര്‍മനി സംയുക്ത ഗവേഷക സംഘമാണ് പ്രതിമ കണ്ടെത്തിയത്. 26 അടിയിലധികം നീളമുള്ള പ്രതിമയോടൊപ്പം പ്രദേശത്തു നിന്നും ഇനിയും കൂടുതല്‍ പുരാവസ്തുക്കള്‍ കൂടി കിട്ടിയേക്കുമെന്ന നിഗമനത്തിലാണ് ഗവേഷക സംഘം. 3000 വര്‍ഷം മുന്‍പ് ഈജിപ്ത് ഭരിച്ചിരുന്ന ഏറ്റവും ശക്തനായ ഭരണാധികാരി എന്നാണ് രാംസെസ് അറിയപ്പെടുന്നത്. കോമണ്‍ ഇറയ്ക്ക് മുമ്പ് 1279 മുതല്‍ 1213 വരെയാണ് അദ്ദേഹം ഈജിപത് ഭരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കാലത്തു സൈനിക ശക്തി വര്‍ധിപ്പിച്ചതായും വലിയ സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തതായും ചരിത്രം പറയുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ പ്രതിമയുടെ നെഞ്ചടക്കമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയതെന്നും പിന്നീട് നടത്തിയ വിശാലമായ ഗവേഷണത്തിലാണ് മറ്റു പല ഭാഗങ്ങളും കണ്ടെത്തിയതെന്ന് ഗവേഷക സംഘം ഈജിപ്ത് തലവന്‍ ഐമാന്‍ അഷാവി പറഞ്ഞു. പ്രതിമയുടെ ഭാഗങ്ങള്‍ കണ്ടെത്തിയ വിവരം ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പ് മന്ത്രി ഖാലിദ് അല്‍ അനാനിയാണ് പുറത്തു വിട്ടത്. കണ്ടെത്തിയ ഭാഗങ്ങള്‍ക്ക് പുറമെ കൂടുതല്‍ കിട്ടിയാല്‍ മാത്രമേ കൂടുതല്‍ ചരിത്ര സത്യങ്ങള്‍ പുറത്തു വരികയുള്ളൂവെന്നും ഈജിപ്തില്‍ അടുത്ത വര്‍ഷം തുറക്കുന്ന മ്യൂസിയത്തിലേക്ക് ഇവ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."