വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
മാള: പുത്തന്‍ചിറ പഞ്ചായത്തിലെ പാറപ്പെട്ട, കുറുങ്ങാംപാടം പാടശേഖരങ്ങളിലെ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ പാടശേഖരങ്ങളില്‍ 96 ഏക്കര്‍ സ്ഥലത്ത് മുണ്ടകന്‍ കൃഷി ചെയ്തിട്ടുണ്ടായിരുന്നു.
ആവശ്യമായ മഴ ലഭിക്കാതിരുന്നതിനാലും മറ്റു ജലസേചന സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാലും ഈ പാടശേഖരങ്ങളിലെ കൃഷി ഭാഗികമായി ഉണങ്ങിപ്പോയി. ഇതിനാല്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ വിളവ് മൂന്നിലൊന്നായി കുറയുകയുമുണ്ടായി. കര്‍ഷകര്‍ പ്രീമിയമടച്ച് ഈ നെല്‍കൃഷി ഇന്‍ഷുര്‍ ചെയ്തിരുന്നുവെങ്കിലും പൂര്‍ണമായും വിളനാശം സംഭവിക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുക നിഷേധിച്ചിരിക്കയാണ് ഇന്‍ഷുറന്‍സ് കമ്പനി. ന
സ്റ്റേറ്റ് ബാങ്കില്‍ നിന്നും സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് കൃഷി ചെയ്ത 72 ഓളം കര്‍ഷകര്‍ കടക്കെണിയിലായിരിക്കയാണിപ്പോള്‍. കൃഷിയില്‍ നിന്നും ലഭിച്ച നെല്ല് സപ്ലൈക്കോ വഴി സംഭരിച്ചു കഴിഞ്ഞിട്ട് രണ്ടുമാസത്തോളമായി. സംഭരിക്കപ്പെട്ട നെല്ലിന്റെ വില ഇതുവരേയും കിട്ടിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പുത്തന്‍ചിറ സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ഷകരില്‍ നിന്നും മുന്‍കൂര്‍ പണം നല്‍കിയാണ് നെല്ല് സംഭരിച്ചിരുന്നത്. മുഴുവന്‍ തുകയും തത്സമയം തന്നെ സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് കൊടുത്തിരുന്നു.
ഐ.എഫ്.എസ്.സി കോഡ് ഇല്ലാത്തതിനാല്‍ നെല്‍വില നല്‍കുന്നതില്‍ നിന്നും പുത്തന്‍ചിറ സര്‍വിസ് സഹകരണ ബാങ്കിനെ സപ്ലൈക്കോ ഒഴിവാക്കിയിരിക്കയാണിപ്പോള്‍ . അതിനാല്‍ മറ്റ് ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളെയാണിപ്പോള്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത്. ഏറെ ദുരിതം സഹിച്ച് കൃഷി ചെയ്തിട്ടും വരുംകാലങ്ങളില്‍ കര്‍ഷകരെ ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവരില്‍ നിന്നുമുണ്ടാകുന്നത്. കര്‍ഷകരെ കടക്കെണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കാനായി അധികൃതര്‍ ഉണരണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
സഹായമെത്തിച്ച് കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കണമെന്ന് പാറപ്പെട്ടകുറുങ്ങാംപാടം നെല്ലുല്‍പ്പാദക സംഘം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ.എസ് ശശിധരന്‍ അധ്യക്ഷനായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."