വിദേശ വനിതയുടെ കൊല: രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് പൊലിസ് കണ്ടെത്തി.
സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലായിരുന്ന വാഴമുട്ടം പാച്ചല്ലൂര്‍ പനത്തുറ സ്വദേശികളായ ബി. ഉമേഷ് (28) സുഹൃത്ത് ഉദയകുമാര്‍ (26) എന്നിവരുടെ അറസ്റ്റ് ഇന്നലെ ഉച്ചയോടെ പൊലിസ് രേഖപ്പെടുത്തി.
ഇരുവരും ചേര്‍ന്ന് വിദേശവനിതയെ കോവളത്തെ കണ്ടല്‍ക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കിയാണ് സംഭവത്തിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്. പീഡനശ്രമത്തിനിടെയാണ് വിദേശവനിതയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു.
കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വിദേശവനിതയെ കാണാതായ മാര്‍ച്ച് 14ന് ഉച്ചയ്ക്ക് ശേഷം കൊല നടന്നെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
അന്ന് രാവിലെ ഒന്‍പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശവനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്ക് നടന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി.
കോവളം ബീച്ചില്‍ കറങ്ങി നടക്കുന്ന പുരുഷ ലൈംഗിക തൊഴിലാളിയാണ് ഉമേഷ്.
അനധികൃത ടൂറിസം ഗൈഡായി കോവളത്ത് ചുറ്റിത്തിരിയുന്ന ആളാണ് ഉദയന്‍. യുവതിയെ കണ്ടുമുട്ടിയ ശേഷം ഇരുവരും ചേര്‍ന്ന് ബോട്ടിങ്ങിനെന്ന പേരില്‍ പൂനംതുരുത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
യുവതിയുമായി പരിചയപ്പെടുന്ന സമയത്തും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നു.
അവരെ കണ്ടല്‍കാട്ടിലെത്തിച്ച ശേഷം സൗഹൃദത്തോടെ പെരുമാറി. അതോടെ യുവതിയും ഇവര്‍ക്കൊപ്പം സിഗരറ്റ് വലിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തു. ഇതിനിടെ മയക്കുമരുന്ന് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ ഉമേഷും ഉദയനും ബലാത്സംഗം ചെയ്തു.
പിന്നീട് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ത്തു.
ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് വരുത്താന്‍ മൃതദേഹം കെട്ടിത്തൂക്കി. ഒരു മാസം കഴിഞ്ഞാണ് മൃതദേഹം തല വേര്‍പ്പെട്ട് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."