കൊടുങ്കാറ്റില്‍ കടപുഴകി പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബി.ജെ.പി അട്ടിമറി വിജയം നേടിയപ്പോള്‍ തകര്‍ന്നടിഞ്ഞത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്വപ്നങ്ങളാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ തനിയാവര്‍ത്തനമാണ് യു.പിയില്‍ ബി.ജെ.പി ആവര്‍ത്തിച്ചത്. ഇതോടെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച പ്രശാന്ത് കിഷോറിനും അടിതെറ്റി. മോദി മാജിക്കില്‍ നിലംതൊടാതെ കോണ്‍ഗ്രസ് വീണപ്പോള്‍ അത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെകൂടി പരാജയമായിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുവേണ്ടി തന്ത്രം മെനഞ്ഞ അദ്ദേഹത്തിന് വലിയ തിരിച്ചടികൂടിയായി ഈ രണ്ട് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പരാജയം. കാവിവക്താക്കള്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച രണ്ടിടങ്ങളിലും കനത്ത തോല്‍വിയാണ് നേരിട്ടത്.
2014ല്‍ ബിഹാറില്‍ നിതിഷ്-ലാലു പടയോട്ടത്തിന് പിന്നിലെ ചാലക ശക്തി പ്രശാന്ത് കിഷോറായിരുന്നു. അദ്ദേഹത്തെ ഇത്തവണ കോണ്‍ഗ്രസ് വാടകക്കെടുത്താണ് തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിച്ചത്. ഉത്തര്‍പ്രദേശില്‍ എസ്.പിയുമായി തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതും പ്രശാന്ത് കിഷോറായിരുന്നു. ഓരോ വോട്ടര്‍മാരേയും കണ്ട് അവരുടെ വീട്ടുവാതില്‍ക്കലെത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതുള്‍പ്പെടെയുള്ള തന്ത്രമാണ് അദ്ദേഹം ആവിഷ്‌കരിച്ചിരുന്നത്. കോണ്‍ഗ്രസിനെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ നല്ലതുമാത്രം ഓര്‍മിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് ഇതിനായി അദ്ദേഹം നടപ്പാക്കിയത്.
അതേസമയം ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നേരിട്ട തിരിച്ചടി പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ അവസാനിപ്പിക്കില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."