ഹെറാത്തിന്റെ മികവില്‍ ലങ്കയ്ക്ക് വിജയം
ഗാല്ലെ: ശ്രീലങ്കന്‍ നായകന് രംഗണ ഹെറാത്തിന്റെ ആറു വിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 259 റണ്‍സിന്റെ ഗംഭീര വിജയം. ടെസ്റ്റില്‍ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ സ്പിന്നര്‍ എന്ന അപൂര്‍വ നേട്ടവും ആറു വിക്കറ്റോടെ ഹെറാത്ത് സ്വന്തമാക്കി.
മുന്‍ ന്യൂസിലന്‍ഡ് ഇതിഹാസ താരം ഡാനിയല്‍ വെട്ടോറി നേടിയ 362 വിക്കറ്റുകളുടെ നേട്ടമാണു 366 വിക്കറ്റുകളാക്കി ഉയര്‍ത്തി ഹെറാത്ത് മറികടന്നത്. 79ാം ടെസ്റ്റില്‍ 28.41 ശരാശരിയിലാണ് ലങ്കന്‍ താരം നേട്ടം സ്വന്തമാക്കിയത്. 113 മത്സരങ്ങളില്‍ നിന്നാണു വെട്ടോറി 34.36 ശരാശരിയില്‍ 362 വിക്കറ്റുകള്‍ നേടിയത്.
ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ് 414 വിക്കറ്റ് വീഴ്ത്തിയിട്ടുളള മുന്‍ പാക് നായകന് വസീം അക്രത്തിന്റെ പേരിലാണ്.
ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 494 റണ്‍സും രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 274ഉം റണ്‍സെടുത്തു. ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 312 റണ്‍സില്‍ പുറത്തായി. 457 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കു ബാറ്റു വീശിയ ബംഗ്ലാദേശിന്റെ പോരാട്ടം 197 റണ്‍സില്‍ അവസാനിപ്പിച്ചാണു ലങ്ക വിജയം സ്വന്തമാക്കിയത്. 20.2 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണു ഹെറാത്ത് ആറു വിക്കറ്റുകള്‍ കൊയ്തത്. ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ (53), മുഷ്ഫിഖര്‍ റഹിം (34), ലിറ്റന്‍ ദാസ് (35) എന്നിവര്‍ പിടിച്ചു നിന്നു. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ലങ്കയെ മികച്ച സ്കോറിലേക്കു നയിച്ച കുശാല്‍ മെന്‍ഡിസാണു കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."