പ്രതികളെ 'കാണാതെ' പൊലിസിന്റെ കളി!
മലപ്പുറം: ആര്‍.എസ്.എസ് കാര്യാലയം ആക്രമിച്ചെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് അനുവാദമില്ലാതെ പ്രകടനം നടത്തുകയും പ്രസ്‌ക്ലബ് അക്രമിച്ച് മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് അലംഭാവം.
സംഭവത്തിന്റെ തുടക്കം മുതല്‍ ലാഘവത്തോടെയാണ് പൊലിസ് ഇടപെട്ടത്. പ്രസ്‌ക്ലബിലേക്ക് ഇരച്ചുകയറുകയും ചന്ദ്രിക ഫോട്ടോഗ്രാഫറെ മര്‍ദിക്കുകയും ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലിസിനു മുന്നിലൂടെയാണ് ഇറങ്ങിപ്പോയത്. അക്രമികളെ പിടികൂടുന്നതിനു പകരം പൊലിസ് പ്രസ്‌ക്ലബിന്റെ വാതില്‍ അടക്കാനാണ് ശ്രമിച്ചത്. പിന്നീട് ഇതേ പ്രതികള്‍ പൊലിസിനെ ഫോണ്‍ ഏല്‍പിച്ചപ്പോഴും പിടികൂടിയില്ല.
വീണുകിട്ടിയ ഫോണ്‍ സ്റ്റേഷനില്‍ ഏല്‍പിച്ചെന്നായിരുന്നു പൊലിസ് നല്‍കിയ വിശദീകരണം. ഇതിനിടെ, ആശുപത്രി സന്ദര്‍ശിച്ച എസ്.ഐ മൊബൈല്‍ ഫോണ്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ തിരിച്ചേല്‍പിക്കാനും ശ്രമം നടത്തി. ഗുരുതരമായ വിഷയം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടി.
ഇതിനിടെ ആക്രമണത്തിനിരയായവരുടെ മൊഴിയെടുക്കാന്‍ വന്ന മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐയും സിവില്‍ പൊലിസ് ഓഫിസറും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയതും പ്രതിഷേധത്തിനടയാക്കി. മൊഴിയെടുക്കാന്‍ വന്ന എ.എസ്.ഐയും വളരെ മോശമായാണ് മാധ്യംമപ്രവര്‍ത്തകരോടു പെരുമാറിയത്. ആക്രമണത്തിനിരയായ ഫുആദിനു കൂട്ടിരുന്ന ചന്ദ്രിക ബ്യൂറോ ചീഫിനോട് മാറിനില്‍ക്കാന്‍ പൊലിസ് ആവശ്യപ്പെടുകയായിരുന്നു.
പ്രതിഷേധം കനത്തതോടെ മൊഴിയെടുക്കാതെ പൊലിസ് മടങ്ങി. തുടര്‍ന്നു ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലും എസ്.ഐ ബി.എസ് ബിനുവും സ്ഥലത്തെത്തി. പിന്നീട് പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാളിന്റെ സാന്നിധ്യത്തില്‍ ഫുആദിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ രാത്രി വൈകിയും പിടികൂടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."