കോടതി വിധിയുണ്ട്; സ്വന്തം ഭൂമി ലഭിക്കാതെ ബൊമ്മന്‍
മാനന്തവാടി: കോടതി വിധിയുണ്ടായിട്ടും സ്വന്തം ഭൂമി ലഭിക്കാതെ ആദിവാസി വൃദ്ധന്‍. പാല്‍ വെളിച്ചം കവിക്കല്‍ ബൊമ്മന്‍ എന്ന എണ്‍പതുകാരനാണ് നീതി നിഷേധിക്കപ്പെടുന്നത്.
1968ല്‍ മാനന്തവാടി താലൂക്കില്‍ നിന്ന് 48068 നമ്പര്‍ പട്ടയ പ്രകാരം ലഭിച്ച ഒരേക്കര്‍ ഭൂമിയില്‍ പകുതിയോളം പരിസരവാസികളില്‍ ചിലര്‍ കൈയേറിയിരുന്നു. ഇപ്പോഴും ബൊമ്മനും കുടുംബവും നികുതി അടച്ചു വരുന്ന ഭൂമി 2005ല്‍ ആറുപേര്‍ ചേര്‍ന്ന് കൈയേറി. ബൊമ്മന്‍ രോഗം ബാധിച്ച് കിടപ്പിലായപ്പോഴായിരുന്നു ഇത്. മിച്ചഭൂമിയാണന്ന് പ്രചരിപ്പിച്ചായിരുന്നു ഇവര്‍ കൈയേറ്റം നടത്തിയത്. കൈയേറ്റക്കാരില്‍ ഒരാള്‍ സി.പി.എം പുതിയൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ബാക്കിയെല്ലാവരും ഇതേ പാര്‍ട്ടിക്കാരാണ്. പാര്‍ട്ടി അനുഭാവിയായ ബൊമ്മന്‍ പ്രശ്‌ന പരിഹാരത്തിനായി പാര്‍ട്ടി ഓഫിസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് സബ് കലക്ടര്‍ക്ക് നല്‍കിയ പരാതിയിലും തുടര്‍ നടപടികളുണ്ടായില്ല.
ഇതോടെയാണ് ബൊമ്മന്‍ കേസുമായി മുന്നോട്ട് പോയത്. 2009ല്‍ കേസ് കോടതിയിലെത്തി. 2017 ജനുവരി മൂന്നിന് കൈയേറ്റക്കാര്‍ ബൊമ്മന് ഭൂമി വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. റവന്യു വകുപ്പും സര്‍വ്വേ വകുപ്പും ചേര്‍ന്ന് രണ്ട് തവണ നടത്തിയ സര്‍വ്വേയില്‍ ബൊമ്മന് പട്ടയം കിട്ടി കൈവശമിരിക്കുന്ന ഭൂമി തന്നെയാണ് കൈയ്യേറിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും ബൊമ്മന് ഭൂമി വിട്ടു നല്‍കിയിട്ടില്ല. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എതിര്‍ കക്ഷികള്‍ ബത്തേരി സബ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസ് 16ന് കോടതി പരിഗണിക്കും. അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് ബൊമ്മനും രോഗിയായ ഭാര്യയും രണ്ട് പെണ്‍മക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."