മഅ്ദനി പള്ളിയില്‍ പ്രവേശിക്കുന്നത് പൊലിസ് തടഞ്ഞു
പാലക്കാട്: മാതാവിനെ സന്ദര്‍ശിക്കുന്നതിനായി അഞ്ച് ദിവസത്തെ ജാമ്യത്തില്‍ ഇന്നലെ കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ പള്ളിയില്‍ ജുമുഅ നിസ്‌കരിക്കുന്നതില്‍ നിന്ന് പൊലിസ് തടഞ്ഞു.
യാത്രക്കിടെ ജുമുഅ നിസ്‌കരിക്കാന്‍ ഏതെങ്കിലും സ്ഥലത്ത് നിര്‍ത്തുന്നതിനെക്കുറിച്ച് ജാമ്യ വ്യവസ്ഥകളിലൊ യാത്രാ നിര്‍ദേശങ്ങളിലൊ വ്യക്തമാക്കിയിട്ടില്ലെന്നുകാണിച്ചാണ് പള്ളിയില്‍ പോകുന്നത് തടഞ്ഞത്. ഇത് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കി.
പിന്നീട് കേരള, കര്‍ണാടക പൊലിസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തി മഅ്ദനിയെ നിസ്‌കരിക്കുന്നത് അനുവദിക്കുകയായിരുന്നു. പരിഹാരമായതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഒടുവില്‍ മഅ്ദനി ഇന്നലെ പാലക്കാട് കഞ്ചിക്കോടിനടുത്ത് ചടയന്‍കാലായിലെ പള്ളിയിലെത്തി ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുത്തതിനു ശേഷമാണ് കൊല്ലത്തേക്ക് യാത്ര തുടര്‍ന്നത്.
മഅ്ദനി എത്തിയതിനെതുടര്‍ന്ന് കനത്ത പൊലിസ് കാവലൊരുക്കിയതോടെ പ്രദേശത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ജാമ്യം ലഭിച്ചിട്ടും യാത്രാസംഘത്തിനു നല്‍കേണ്ട സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കുന്ന നടപടികള്‍ കര്‍ണാടക പൊലിസ് വൈകിപ്പിച്ചത് കാരണം ഒരുദിവസം ബംഗളൂരുവില്‍ തന്നെ തനിക്കു തങ്ങേണ്ടി വന്നുവെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. ഇത് യാദൃശ്ചികമെന്ന് കരുതുന്നില്ല. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ തനിക്കുവേണ്ടി പ്രയത്‌നിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന എല്ലാവരോടും നന്ദിയുണ്ട്. തന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാരിനൊ കേന്ദ്രസര്‍ക്കാരിനൊ ഒന്നും ചെയ്യാനില്ല. ഇനി ചെയ്യേണ്ടത് കോടതി തന്നെയാണ് ആ കോടതിയെ വിശ്വാസമുണ്ട്. സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ വഴിയായിരുന്നു മഅ്ദനിയുടെ യാത്ര. മഅ്ദനിയുടെ ഭാര്യ സൂഫിയ, പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സാലിബാബു, നൗഷാദ് തിക്കോടി എന്നിവരും യാത്രാസംഘത്തിലുണ്ടായിരുന്നു. കര്‍ണാടക പൊലിസിലെ ഇന്‍സ്‌പെക്ടര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."