നാലാം വര്‍ഷവും രമ ടീച്ചര്‍ വ്രതത്തിലാണ്
കാഞ്ഞങ്ങാട്: ചെങ്കളയില്‍ അങ്കണവാടി വര്‍ക്കറായ രമയ്ക്കും റമദാന്‍ മാസം വ്രതത്തിന്റെ മാസമാണ്. നാലാം വര്‍ഷവും രമവ്രതമെടുക്കുന്നത് മുടക്കിയിട്ടില്ല. വ്രതമെടുക്കാന്‍ രാത്രി തന്നെ നിയ്യത്ത് ഉള്‍പ്പെടെയുള്ള തയാറെടുപ്പുകള്‍ നടത്തുന്ന രമ രാവിലെ നാലിനു എഴുന്നേറ്റു അത്താഴം കഴിക്കും. കഞ്ഞിയും പച്ചക്കറിയുമാണ് അത്താഴമായി കഴിക്കുന്നത്. ഇത് സുബഹി ബാങ്കിന്റെ മുമ്പാകാന്‍ ശ്രദ്ധിക്കുകയും ചെയ്യും. വ്രതത്തിന്റെ നിയ്യത്ത് അറബിയില്‍ തന്നെ പറയാന്‍ കഴിയുന്ന ടീച്ചര്‍ ഇതു പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ പറഞ്ഞാല്‍ വ്രതം മുറിയുമെന്നു പറഞ്ഞു.
നോമ്പ് തുറ സമയത്തും മറ്റു സമയങ്ങളിലും കട്ടിയുള്ള ആഹാരങ്ങള്‍ മുഴുവനും ഒഴിവാക്കണമെന്നാണ് ടീച്ചറുടെ പക്ഷം. കട്ടിയുള്ള ആഹാരങ്ങള്‍ വ്രതമാസത്തില്‍ കഴിക്കുന്നതു കൊണ്ടു തന്നെ വ്രതത്തിന്റെ ഗുണം ശരീരത്തിനു ലഭിക്കില്ലെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. ഇതിനൊപ്പം എണ്ണപ്പലഹാരങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം. ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നല്‍കുന്ന ഇസ്‌ലാമിക വ്രതം എല്ലാവര്‍ക്കും നല്ലതാണെന്ന അഭിപ്രായവും ഇവര്‍ തുറന്നു പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിനിയായ രമയും ഭര്‍ത്താവും 25 വര്‍ഷമായി കാസര്‍കോട് താമസിച്ചു വരുകയാണ്.
22 വര്‍ഷത്തോളം നായന്മാര്‍ മൂലയിലെ മുഹമ്മദ് ബീരാന്‍ എന്ന ആളുടെ വാടക വീട്ടിലായിരുന്നു താമസം. ഇവരും കുടുംബാംഗങ്ങളും വ്രതമെടുക്കുന്നതു കണ്ടാണു തനിക്കും വ്രതമെടുക്കണമെന്നു തോന്നിയതെന്ന് രമ പറഞ്ഞു.
നെല്ലിക്കുന്ന് സ്‌കൂളിലെ അധ്യാപകനായ രാമദാസാണ് ഇവരുടെ ഭര്‍ത്താവ്. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ മകന്‍ അരുണ്‍ ദാസും മകള്‍ അപര്‍ണാ ദാസും വ്രതമെടുക്കലിനു പൂര്‍ണ പിന്തുണ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."