കുഞ്ഞുണ്ണി മാഷ് സ്മാരകം; 26ന് മന്ത്രി എ.കെ ബാലന്‍ തറക്കല്ലിടും
വാടാനപ്പള്ളി: കുഞ്ഞുണ്ണി മാഷ് സ്മാരക നിര്‍മാണത്തിന് മന്ത്രി എ.കെ ബാലന്‍ 26ന് തറക്കല്ലിടും. വലപ്പാട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി യോഗത്തിന്റേതാണ് തീരുമാനം. കുഞ്ഞുണ്ണി മാഷ് സ്മാരക ഭൂമി തണ്ണീര്‍ത്തടമല്ലെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്മാരകത്തിനായി ബന്ധുക്കള്‍ വിട്ടുകൊടുത്ത ഭൂമിയില്‍ നിര്‍മാണം സാധ്യമല്ലെന്ന തടസം നീക്കിയതായി യോഗത്തില്‍ പങ്കെടുത്ത റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭൂമി നീര്‍ത്തട പരിധിയില്‍ പെടുന്നില്ലെന്നും അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. പഞ്ചായത്ത് സെക്രട്ടറിയും കൃഷി ഓഫിസറും വില്ലേജ് ഓഫിസറും ചേര്‍ന്ന സമിതിയും നിര്‍മാണത്തിന് അംഗീകാരം നല്‍കി. 2008 ലാണ് കുഞ്ഞുണ്ണി മാഷിന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങുന്നത്. പക്ഷേ സ്മാരകത്തിനായി വിട്ടുനല്‍കിയ ഭൂമിയില്‍ യാതൊരു നിര്‍മാണവും നടത്താന്‍ സാധ്യമല്ല എന്ന നിലപാടായിരുന്നു അധികൃതര്‍ ആദ്യം സ്വീകരിച്ചത്. അന്നത്തെ സ്മാരക സമിതി നിര്‍മാണത്തിന് തയാറല്ലായിരുന്നുവെന്നും പറഞ്ഞിരുന്നു.
പണിയണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കില്‍ നിയമം മറികടന്നും സ്മാരകം നിര്‍മിക്കാന്‍ കഴിയുമായിരുന്ന കമ്മിറ്റിയായിരുന്നു അന്നത്തേത്. പണിയാന്‍ പോകുന്ന കുഞ്ഞുണ്ണി മാഷ് സ്മാരകത്തില്‍ കുട്ടികള്‍ക്കായി വിശാലമായ ലൈബ്രറിയും കോണ്‍ഫറന്‍സ് ഹാളും, പൂമുഖവും ഉണ്ടാവും. കെട്ടിടത്തിന് മുന്‍വശത്ത് കുഞ്ഞുണ്ണിമാഷുടെ പ്രതിമ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപയും വലപ്പാട് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയുമാണ് നിര്‍മാണ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുക. ബാക്കി വരുന്ന തുക എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും നല്‍കും.
യോഗത്തില്‍ ഗീതാഗോപി എം.എല്‍.എ അധ്യക്ഷയായി. സമിതി സെക്രട്ടറി വി.ആര്‍ ബാബു, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റര്‍, സി.കെ ബിജോയ്, വി.ജി ഹരികുമാര്‍, വി.ആര്‍ ഹരിദാസന്‍ മാസ്റ്റര്‍, ഉഷ കേശവരാജ്, എ.വി സതീഷ്, എം.സ്വര്‍ണലത, കെ.ആര്‍ മുരളി, ചാവക്കാട് തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."